തെഹ്റാൻ: ഇടവേളക്കുശേഷം യു.എസ്-ഇറാൻ സംഘർഷം വീണ്ടും കനക്കുന്നു. തന്ത്രപ്രധാന ഹുർമുസ് കടലിടുക്ക് കേന്ദ്രീകരിച്ചാണ് ഇപ്പോൾ സംഘർഷം ശക്തമാകുന്നത്. യു.എസിന്‍റെ അത്യാധുനിക ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാൻ റെവലൂഷനറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) അവകാശപ്പെട്ടു.
ഹുർമുസ് കടലിടുക്കിന്‍റെ പ്രവേശന കവാടത്തിൽ പുലർച്ചെ നടത്തിയ സങ്കീർണ ഓപറേഷനിലൂടെയാണ് ആളില്ലാത്ത അന്തർവാഹിനി പിടിച്ചെടുത്തതെന്ന് ഇറാൻ സൈന്യം അറിയിച്ചു. യു.എസ് അന്തർവാഹിനി ഇറാനിയൻ സേന തടയുന്നതിന്‍റെയും പിടികൂടുന്നതിന്‍റെയും ദൃശ്യങ്ങളും ചിത്രങ്ങളും ഇറാൻ മാധ്യമങ്ങൾ പുറത്തുവിട്ടു. തങ്ങളുടെ ഒരു അന്തർവാഹിനി കടലിൽ പ്രവർത്തനരഹിതമായെന്ന് അമേരിക്കൻ സേന അറിയിച്ചു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടില്ല.
കടലിൽ സർവേ നടത്തുന്നതിനിടെ തങ്ങളുടെ അണ്ടർവാട്ടർ ഡ്രോണുകളിൽ ഒന്ന് തകരാറിലായെന്നാണ് യു.എസ് സെൻട്രൽ കമാൻഡ് വക്താവ് അറിയിച്ചത്. ഡ്രോൺ പഴയൊരു മോഡലാണെന്നും അതിൽ അധുനികമോ, രഹസ്യ സ്വഭാവമുള്ളതോ ആയ ഉപകരണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ, ഹുർമുസിനു മുകളിൽ യു.എസിന്‍റെ ഒരു ഡ്രോൺ വെടിവെച്ചിട്ടതായും ഇറാൻ അവകാശപ്പെട്ടു. എം.ക്യൂ -ഒന്ന് (MQ-1) ഡ്രോണാണ് തങ്ങളുടെ വ്യോമ പ്രതിരോധ സേന വെടിവെച്ചിട്ടതായി ഇറാനിയൻ സൈന്യം അറിയിച്ചത്.
പുതിയ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് ഡ്രോൺ തകർത്തത്. ഹുർമുസ് കേന്ദ്രീകരിച്ച് ആക്രമണം ശക്തമാകുകയാണ്. നേരത്തെ, ഹുർമുസ് കടലിടുക്കിലെ നിരോധിത മേഖല കടക്കാൻ ശ്രമിച്ച 10 കപ്പലുകൾ തങ്ങൾ ആക്രമിച്ചതായി ഐ.ആർ.ജി.സി അറിയിച്ചിരുന്നു.
രണ്ട് യു.എസ് കപ്പലുകളും എട്ട് എണ്ണക്കപ്പലുകളുമാണ് ആക്രമിച്ചതെന്ന് ഇറാനിയൻ സ്റ്റേറ്റ് മീഡിയ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. അഞ്ച് ഇറാനിയൻ ടാങ്കറുകൾക്ക് നേരെ യു.എസ് നടത്തിയ ആക്രമണത്തിന് മറുപടിയായാണ് പ്രത്യാക്രമണമെന്ന് ഇറാൻ സൈന്യം വ്യക്തമാക്കി.
തങ്ങളുടെ എണ്ണ കപ്പലുകൾ ആക്രമിച്ചാൽ മേഖലയിലെ യു.എസ് ബേസുകൾ ലക്ഷ്യമിടുമെന്ന് ഇറാൻ സായുധ സേന തലവൻ മേജർ ജനറൽ അലി അബ്ദുല്ലാഹി മുന്നറിയിപ്പ് നൽകി. അമേരിക്കൻ സൈന്യം ഇറാനിയൻ എണ്ണക്കപ്പലുകൾക്ക് ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇറാൻ എണ്ണക്കപ്പലുകൾക്കു നേരെ നടക്കുന്ന ഏത് ആക്രമണവും മേഖലയിലെ യു.എസ് സൈനിക താവളങ്ങൾ ലക്ഷ്യമിടാനുള്ള കാരണമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ചൊവ്വാഴ്ച അഞ്ച് ഇറാൻ എണ്ണ കപ്പലുകൾ തങ്ങൾ തകർത്തതായി യു.എസ് സൈന്യം വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇറാന്‍റെ അവകാശവാദം. ഈ ആക്രമണങ്ങളുടെ വിഡിയോ യു.എസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ടിരുന്നു. അമേരിക്കയും ഇസ്രായേലും ഇറാന് നേരെ നടത്തുന്ന യുദ്ധം ആറ് മാസം പിന്നിടുമ്പോഴാണ് ഗൾഫ് മേഖലയിൽ സംഘർഷം അതിരൂക്ഷമാകുന്നത്. ഹുർമൂസ് കടലിടുക്ക് അടച്ചുപൂട്ടിയ നടപടിയിൽ തെഹ്‌റാൻ ഇളവ് വരുത്താൻ തയാറായിട്ടില്ല. ഇറാനിയൻ തുറമുഖങ്ങളിൽ യു.എസ് ഏർപ്പെടുത്തിയ നാവിക ഉപരോധവും തുടരുകയാണ്. യുദ്ധഭീതിയിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയർന്നു. ബാരലിന് 99.46 ഡോളറാണ് വില.

Post a Comment