ഓമശ്ശേരി:
കൊടുവള്ളി ഉപജില്ലാ ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, പ്രവർത്തിപരിചയ മേളകളിൽ പുത്തൂർ ഗവ. യു.പി. സ്കൂളിന് മികച്ച നേട്ടം. എൽ.പി. വിഭാഗം ഗണിതശാസ്ത്രമേളയിൽ ഓവറോൾ രണ്ടാം സ്ഥാനം നേടിയതിനു പുറമെ വ്യക്തിഗത ഇനങ്ങളിൽ മൂന്ന് ഒന്നാം സ്ഥാനങ്ങളും പത്തിലധികം മൂന്നാം സ്ഥാനങ്ങളും നേടി സ്കൂൾ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു.
നാല്പതിലധികം എ ഗ്രേഡുകളും വിദ്യാർഥികൾ സ്വന്തമാക്കി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയോടെ വിദ്യാർഥികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി നടത്തിയ പരിശീലനങ്ങളും പ്രവർത്തനങ്ങളുമാണ് മികച്ച നേട്ടത്തിന് വഴിയൊരുക്കിയത്.
മേളകളിൽ പങ്കെടുത്ത വിദ്യാർഥികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും പി.ടി.എ. കമ്മിറ്റി അഭിനന്ദിച്ചു. ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് യൂനുസ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക വി. ഷാഹിന ജേതാക്കളെ പരിചയപ്പെടുത്തി. ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് പി. അബ്ദുൽ നാസർ, മാധ്യമപ്രവർത്തകൻ വി.സി. അരുൺ, ഓമശ്ശേരി എയ്ഡ് ബിസിനസ് ഗ്രൂപ്പ് പ്രതിനിധി യു.പി. ഇബ്രാഹീം കുട്ടി ഹാജി അമ്പലക്കണ്ടി, പി.ടി.എ. വൈസ് പ്രസിഡന്റ് സി.പി. സലീം, മൻസൂർ പാറങ്ങോട്ടിൽ, കെ.സി. ശാദുലി മാസ്റ്റർ, പി.കെ. ദീപ ടീച്ചർ എന്നിവർ സംസാരിച്ചു.
ഫോട്ടോ: ഉപജില്ലാ ഗണിതശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം നേടിയ എൽ.പി. വിഭാഗം വിദ്യാർഥികൾ കിരീടം സ്കൂൾ അധികൃതർക്ക് കൈമാറുന്നു.

إرسال تعليق