കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെയും സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെയും നേതൃത്വത്തിൽ രക്തദാന ക്യാമ്പും സൗജന്യ നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. എംവിആർ ക്യാൻസർ സെന്ററുമായി സഹകരിച്ച് രക്തദാന ക്യാമ്പും മലബാർ മാക്സിവിഷൻ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പുമാണ് പൊതുജനങ്ങൾക്കായി സംഘടിപ്പിച്ചത്.
സ്കൂൾ പി.ടി.എ. പ്രസിഡന്റ് റൂബി മർക്കോസ് അധ്യക്ഷത വഹിച്ച ചടങ്ങ് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി സണ്ണി മുഖ്യസന്ദേശം നൽകി.
ഗ്രാമപഞ്ചായത്ത് അംഗം റെജി തമ്പി, ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ജോയിന്റ് സെക്രട്ടറി സുമേഷ്, എംവിആർ ക്യാൻസർ സെന്ററിലെ ഡോ. ആമിൽ ഹാരിസ്, മലബാർ മാക്സിവിഷൻ ഐ ഹോസ്പിറ്റലിലെ ഡോ. അശ്വിൻ, പി.ടി.എ. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും മുൻ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലുമായ ഷിവിച്ചൻ മാത്യു എന്നിവർ ആശംസകൾ നേർന്നു.
സ്കൂൾ പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ സ്വാഗതവും എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ബിൻസി കെ. ജെ. നന്ദിയും പറഞ്ഞു. മെൽബ തോമസ് പരിപാടിയുടെ അവതാരകയായി.
രക്തദാനത്തിനും നേത്ര പരിശോധനയ്ക്കുമായി എഴുപതോളം പേർ ക്യാമ്പിൽ പങ്കെടുത്തു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരിയും ഗ്രാമപഞ്ചായത്ത് അംഗം വിൽസൺ തറപ്പേലും മാതൃകാപരമായി രക്തം ദാനം ചെയ്തു.
എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ബിൻസി കെ. ജെ., ഗൈഡ്സ് കോ-ഓർഡിനേറ്റർ ഗ്ലാഡിസ് പി പോൾ, അധ്യാപകരായ സി. സുധർമ്മ എസ്.ഐ.സി., സ്മിത കെ., റാണി, ജോൺസൺ എന്നിവരുടെ നേതൃത്വത്തിൽ എൻ.എസ്.എസ്. പ്രവർത്തകരും സ്കൗട്ട് ആൻഡ് ഗൈഡ്സ് വോളണ്ടിയർമാരും ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
രക്തദാനത്തിന്റെ മഹത്വവും നേത്രസംരക്ഷണത്തിന്റെ പ്രാധാന്യവും പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിനൊപ്പം വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധത, സഹോദരസ്നേഹം, സേവനമനോഭാവം എന്നിവ വളർത്തിയെടുക്കുന്നതിനും പരിപാടി സഹായകമായി. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെയും മാതൃകാപരമായ സംഘാടന മികവോടെയുമാണ് ക്യാമ്പുകൾ സംഘടിപ്പിച്ചത്.

Post a Comment