മുക്കം:
കവുങ്ങ് കർഷകർ നേരിടുന്ന വിളത്തകർച്ച, വിലയിടിവ്, രോഗ–കീടബാധ, കാലാവസ്ഥാ വ്യതിയാനം, വിപണി പ്രതിസന്ധി തുടങ്ങിയ പ്രശ്നങ്ങൾ നേരിട്ടറിയുന്നതിനായി വിദഗ്ധസംഘം അടങ്ങിയ ടാസ്‌ക് ഫോഴ്‌സ് മുക്കം നഗരസഭയിലെ കവുങ്ങ് കൃഷിയിടങ്ങൾ സന്ദർശിച്ചു.
മുക്കം നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ ഈ മാസം ആദ്യവാരം കർഷകരുടെ യോഗം ചേർന്ന് പ്രശ്നങ്ങളും പരിഹാര നിർദേശങ്ങളും ശേഖരിച്ചിരുന്നു. കർഷകരിൽനിന്ന് ലഭിച്ച നിർദേശങ്ങൾ ക്രോഡീകരിച്ച് പ്രത്യേക ഡാറ്റാ ഷീറ്റായി ബന്ധപ്പെട്ട അധികാരികൾക്ക് സമർപ്പിച്ചതിനെ തുടർന്നാണ് ടാസ്‌ക് ഫോഴ്‌സ് കൃഷിയിടങ്ങളിലെത്തിയത്.
കൃഷി ഡെപ്യൂട്ടി ഡയറക്ടർ (എച്ച്) ഡോ. പി. ടി. ഷീബ, കൊടുവള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോ. പ്രിയ മോഹൻ, ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.എം. ഷംസുദ്ദീൻ, കാർഷിക സർവകലാശാല കാർഷിക വിജ്ഞാന വിപണന കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസർ .
ആരതി ബാലകൃഷ്ണൻ, മുക്കം കൃഷി ഓഫീസർ കെ. എ. ഷബീർ അഹമ്മദ്, കൃഷി അസിസ്റ്റൻറ് എം റീപ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
രോഗ–കീടബാധയും കാലാവസ്ഥാ വ്യതിയാനവും അതിജീവിക്കാൻ ശേഷിയുള്ള ഉയർന്ന ഉൽപാദനശേഷിയുള്ള ഇനങ്ങൾ ഗവേഷണ കേന്ദ്രങ്ങളിൽനിന്ന് കർഷകരിലേക്ക് എത്തിക്കണമെന്നാണ് പ്രധാന ആവശ്യം.
പ്രായമേറിയതും ഉൽപാദനം കുറഞ്ഞതുമായ കവുങ്ങുകൾ മാറ്റി പുനരുദ്ധാരണ കൃഷി നടത്തുന്നതിന് അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.
കവുങ്ങിന് വിള ഇൻഷുറൻസ് പ്രീമിയത്തിന് സബ്സിഡി അനുവദിക്കുക, പ്രകൃതിക്ഷോഭം, രോഗ–കീടബാധ, വന്യമൃഗ ശല്യം എന്നിവയ്ക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക, മഹാളി–മഞ്ഞളിപ്പ് രോഗത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുള്ള ഗവേഷണം ശക്തമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉയർന്നു.
വിപണിയിലെ വിലയിടിവും ചാഞ്ചാട്ടവും നേരിടാൻ കവുങ്ങിന് അടിസ്ഥാനവില നിശ്ചയിച്ച് സമയബന്ധിതമായി പ്രഖ്യാപിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു. നഗരസഭാ തലത്തിൽ കൊട്ടടക്ക സംഭരണ കേന്ദ്രം ആരംഭിക്കുക, സബ്സിഡി നിരക്കിൽ തുരിശും കുമ്മായവും വീണ്ടും ലഭ്യമാക്കുക, സൂക്ഷ്മമൂലകങ്ങളുടെ കുറവ് പരിഹരിക്കുന്നതിന് ആവശ്യമായ സഹായം നൽകുക തുടങ്ങിയ നിർദേശങ്ങളും മുന്നോട്ടുവച്ചു.
രോഗ–കീടബാധ നിയന്ത്രിക്കുന്നതിനായി ഒരു പ്രദേശത്തെ മുഴുവൻ കൃഷിയിടങ്ങളിലും ഒരേസമയം പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിന് സാങ്കേതികവും സാമ്പത്തികവുമായ സഹായം അനുവദിക്കണമെന്നും ആവശ്യമുയർന്നു.
നെല്ലിനും പച്ചക്കറിക്കും നൽകുന്നതുപോലെ കവുങ്ങ് കർഷകർക്കും കൂലിച്ചെലവ് സഹായം അനുവദിക്കുക, ഗുണമേന്മയുള്ള രോഗപ്രതിരോധ ശേഷിയുള്ള തൈകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക, തൊഴിലാളിക്ഷാമം പരിഹരിക്കുന്നതിന് നഗരസഭാ തലത്തിൽ അരീക്കനട്ട് ലേബർ ബാങ്കുകൾ രൂപീകരിക്കുക തുടങ്ങിയ നിർദേശങ്ങളും കർഷകർ മുന്നോട്ടുവച്ചു.
കവുങ്ങ് കൃഷിയുമായി ബന്ധപ്പെട്ട ഗവേഷണ ഫലങ്ങളും പുതിയ സാങ്കേതികവിദ്യകളും ഫീൽഡ് തലത്തിലേക്ക് വേഗത്തിൽ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.
കർഷകരിൽനിന്ന് ലഭിച്ച നിർദേശങ്ങൾ പരിശോധിച്ച് ബന്ധപ്പെട്ടവർക്ക് സമർപ്പിച്ച് തുടർനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ടാസ്‌ക് ഫോഴ്‌സ് കൃഷിയിടങ്ങൾ സന്ദർശിച്ചത്.

إرسال تعليق