തിരുവമ്പാടി: സ്വന്തം ജീവൻ രക്ഷിക്കാൻ ലക്ഷങ്ങൾ ചെലവുവരുന്ന ചികിത്സ നടക്കുമ്പോഴും പാവപ്പെട്ടവർക്കായി മാറ്റിവെച്ച സമ്പാദ്യം തൊടാതെ കാത്തുസൂക്ഷിച്ച മുനീർ (42), മരണശേഷവും നാടിന് മാതൃകയാകുന്നു. ദീർഘകാലത്തെ അസുഖത്തെ തുടർന്ന് ദിവസങ്ങൾക്ക് മുൻപ് അന്തരിച്ച തോട്ടത്തിൻകടവ് കാളങ്ങാടൻ സുബൈറിന്റെ മകൻ മുനീർ സ്വരൂപിച്ചുവെച്ച പണക്കുടുക്ക, മകൻ അപൂർവ്വ രോഗമായ എസ്.എം.എ (SMA) ബാധിച്ച കല്ലുരുട്ടിയിലെ കുഞ്ഞുങ്ങളുടെ ചികിത്സാ സഹായ നിധിയിലേക്ക് കൈമാറി.
താൻ നടത്തിയിരുന്ന ചിക്കൻ സ്റ്റാളിൽ നിന്നും ദിവസവും ഒരു നിശ്ചിത തുക മാറ്റിവെച്ച് മുനീർ ഒരു കുടുക്കയിൽ നിക്ഷേപിക്കുമായിരുന്നു. വർഷത്തിലൊരിക്കൽ കുടുക്ക നിറയുമ്പോൾ അത് അർഹരായ പാവപ്പെട്ടവരെ കണ്ടെത്തി സഹായിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പതിവ്. കടുത്ത രോഗബാധിതനായി ആശുപത്രിയിൽ കഴിയുമ്പോഴും, ചികിത്സയ്ക്കായി വലിയൊരു തുക ആവശ്യമായി വന്നപ്പോഴും ആ കുടുക്കയിലെ പണം സ്വന്തം ആവശ്യത്തിനായി എടുക്കാൻ മുനീർ തയ്യാറായിരുന്നില്ല.
മുനീറിന്റെ വിയോഗത്തിന് പിന്നാലെ, ഉപ്പയുടെ ആ വലിയ ആഗ്രഹം സഫലമാക്കാൻ മകൻ മുന്നോട്ടുവരികയായിരുന്നു. ഉപ്പ കരുതിവെച്ച ആ കുടുക്കയുമായി കല്ലുരുട്ടിയിലെ എസ്.എം.എ രോഗബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സാ സഹായ സമിതി ഓഫീസിൽ നേരിട്ടെത്തി മകൻ തുക കൈമാറി. സ്വന്തം വേദനകൾക്കിടയിലും മറ്റുള്ളവരുടെ കണ്ണീരൊപ്പാൻ മുനീർ കാണിച്ച വലിയ മനസ്സിന് നാടിന്റെയാകെ ആദരവാണ് ലഭിക്കുന്നത്.

إرسال تعليق