ഓമശ്ശേരി:
പുത്തൂർ ഗവ:യു.പി.സ്കൂളിൽ വിവിധ മൽസരങ്ങളിലും പരീക്ഷകളിലും മികവ്‌ പുലർത്തിയ നൂറോളം വിദ്യാർത്ഥി പ്രതിഭകളെ  വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും  പൗരപ്രമുഖരും അണിനിരന്ന പ്രൗഢമായ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.എൽ.എസ്‌.എസ്‌,യു.എസ്‌.എസ്‌ നേടിയവരേയും വിവിധ തലങ്ങളിലെ ശാസ്ത്ര കലാ കായിക മേളകളിൽ ജേതാക്കളായവരേയുമാണ്‌ 'വിജയാരവം '26' ൽ അനുമോദിച്ചത്‌.അഡ്വ. പി.കെ. ഫിറോസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.പുത്തൂർ ഗവ. യു.പി. സ്കൂളിന്റെ അക്കാദമികവും ഭൗതികവുമായ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് അദ്ദേഹം പറഞ്ഞു.ഒരു നൂറ്റാണ്ടിലേറെക്കാലത്തെ പാരമ്പര്യമുള്ള ഈ വിദ്യാലയത്തിന്റെ പുരോഗതിക്കായി അധ്യാപകരും പി.ടി.എയും നാട്ടുകാരും നടത്തുന്ന കൂട്ടായ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിനുള്ള ശ്രമങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




പി.ടി.എ. പ്രസിഡന്റ് യൂനുസ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു.കൊടുവള്ളി ബി.പി.സിയായി നിയമിതനായ നൗഫൽ മാസ്റ്റർ പുല്ലാളൂരിന് സ്കൂളിന്റെ ഉപഹാരം ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂപ്പർ സൗദ ടീച്ചർ കൈമാറി. വിവിധ മേഖലകളിലെ സേവനങ്ങൾക്ക് അധ്യാപകരായ കെ.സി. ശാദുലി,ആയിഷ,ഡോ. കെ. സബീന,പി.കെ. ദീപ എന്നിവരെയും എസ്.എം.എ. ബാധിതരായ കുട്ടികൾക്കായി സ്കൂളിൽ സംഘടിപ്പിച്ച പേപ്പർ ചലഞ്ചിൽ ഏറ്റവും കൂടുതൽ തുക സമാഹരിച്ച പ്രീപ്രൈമറി വിദ്യാർത്ഥി അബാൻ അബ്ദുല്ലയെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു.

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മിനി ദാസൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.വി. സ്വാദിഖ്,കെ.കെ.അബ്ദുല്ലക്കുട്ടി,ഒ.എം. ശ്രീനിവാസൻ നായർ,ശശി പന്തീരടിയിൽ,പഞ്ചായത്തംഗങ്ങളായ സൈനുദ്ദീൻ കൊളത്തക്കര,ശഫ്ന മാളികക്കണ്ടി,ബുഷ്റ കൊളത്തക്കര,സുബീന നെച്ചൂളി,സ്കൂൾ എജ്യുക്കേഷണൽ എക്സ്പെർട്ട് പി.എ. ഹുസൈൻ മാസ്റ്റർ,എ.കെ. ഇബ്രാഹീം ഓമശ്ശേരി,എസ്.എം.സി.ചെയർമാൻ കെ.പി. സൈനുദ്ദീൻ മാസ്റ്റർ,പി. അബ്ദുൽ നാസർ പുളിക്കൽ, ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,മുഹമ്മദ് ഹാജി നൂലാടമ്മൽ,പി. മൂസ ഹാജി,എ.കെ. അബ്ദുൽ റഹ്മാൻ,മൻസൂർ പാറങ്ങോട്ടിൽ,മുഹമ്മദ് വടക്കേകണ്ടി,പുത്തൂർ നാഷണൽ ക്ലബ് പ്രസിഡന്റ് റാഫി കളത്തിങ്ങൽ എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപിക വി. ഷാഹിന സ്വാഗതവും പി.ടി.എ. വൈസ് പ്രസിഡന്റ് സി.പി. സലീം നന്ദിയും പറഞ്ഞു.ആദ്യമായി സ്കൂളിലെത്തിയ എം.എൽ.എ. സർപ്രൈസ് സമ്മാനമായി ഫുട്ബോളുകൾ കൈമാറിയപ്പോൾ ഇളകി മറിഞ്ഞ വിദ്യാർത്ഥി സദസ്സ്‌ നിറഞ്ഞ കരഘോഷത്തോടെയാണ് അത്‌ സ്വീകരിച്ചത്‌.

ഫോട്ടോ: പുത്തൂർ ഗവ. യു.പി. സ്കൂളിൽ ’വിജയാരവം ‘26’ അഡ്വ. പി.കെ. ഫിറോസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

أحدث أقدم