തിരുവമ്പാടി: ഇന്ന് കേരളത്തിലെ കർഷകരുടെ പ്രധാന ശബ്ദമായി മാറിയിരിക്കുന്ന സ്വതന്ത്ര കർഷക സംഘടനയായ 'കേരള ഇൻഡിപ്പെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) യുടെ തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെയും നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് തല കമ്മിറ്റികളുടെയും രൂപീകരണവും കർഷക മിത്രങ്ങളെ ആദരിക്കുന്ന ചടങ്ങും തിരുവമ്പാടി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു.
വിവിധ രാഷ്ട്രീയ പാർട്ടികളുടെ നിയന്ത്രണങ്ങളിൽ പെട്ടും കപട പരിസ്ഥിതി വാദികളുടെ ദുഷ്പ്രചരണങ്ങളാൽ വലഞ്ഞും ഫോറസ്റ്റ് അടക്കമുള്ള വിവിധ ഡിപ്പാർട്ട്മെന്റുകളിലെ ഉദ്യോഗസ്ഥരാൽ പീഡിപ്പിക്കപ്പെട്ടും സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും പാർശ്വവൽക്കരിക്കപ്പെട്ട് കിടന്ന കർഷക സമൂഹത്തിന് ആത്മവിശ്വാസത്തിന്റെയും സ്വാഭിമാനബോധത്തിന്റെയും വെളിച്ചം പകർന്ന് നല്കുന്ന ഒരു നവ വിപ്ലവമായി കിഫ മാറിക്കഴിഞ്ഞിരിക്കുകയാണ്.
വന്യമൃഗ ശല്യത്തിനെതിരേ ആശയപ്രചരണവുമായി ഒരു സോഷ്യൽ മീഡിയ ടീമായി ആരംഭിച്ച മൂവ്മെന്റാണ് ഇന്ന് കേരളത്തിലെ കർഷകരെ, ജാതി മത രാഷ്ട്രീയ വേർതിരിവുകൾ ഇല്ലാതെ ഒരുമിച്ച് നില്ക്കാനും അതിജീവനത്തിനായി ഒരുമിച്ച് പൊരുതാനും പ്രാപ്തരാക്കിയ കേരള ഇൻഡിപ്പെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ ആയി വളർന്നിരിക്കുന്നത്.
തിരുവമ്പാടി മേഖലയിൽ 'കർഷക ശബ്ദം' എന്ന പേരിൽ ആരംഭിച്ച കർഷക മൂവ്മെന്റും കിഫയുമായി ലയിച്ച് ഒരുമിച്ച് പ്രവർത്തിക്കുവാൻ തീരുമാനിക്കുകയും അതിന്റെ നടപടിക്രമങ്ങൾ ഏതാനും ദിവസങ്ങൾ മുമ്പ് പൂർത്തിയാക്കുകയും ചെയ്തു.
10 - 10 - 21 ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് തിരുവമ്പാടി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ കിഫ ചെയർമാൻ അലക്സ് ചാണ്ടി ഒഴുകയിലിന്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച യോഗത്തിൽ വച്ച് കിഫ തിരുവമ്പാടി നിയോജക മണ്ഡലം അഡ്ഹോക് കമ്മിറ്റിയും തിരുവമ്പാടി, കോടഞ്ചേരി, കൂടരഞ്ഞി, മുക്കം, പുതുപ്പാടി, കൊടിയത്തൂർ പഞ്ചായത്ത് തല അഡ്ഹോക് കമ്മിറ്റികളും രൂപീകരിച്ചു. ഈ പ്രദേശത്ത് ഏറ്റവുമധികം കാട്ടുപന്നികളെ വെടിവച്ച് കൊന്ന് മികച്ച കർഷകമിത്രങ്ങളായി മാറിയ ബാലൻ, തങ്കച്ചൻ വട്ടോളി എന്നിവർക്കുളള 'ജിം കോർബറ്റ് അവാർഡ്' വിതരണവും ഈ യോഗത്തിൽ വച്ച് നടത്തി.
കർഷകർ അവശ്യം അറിഞ്ഞിരിക്കേണ്ട നിയമവിഷയങ്ങളെക്കുറിച്ചും റവന്യൂ, ഫോറസ്റ്റ് തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട് കർഷകർക്ക് ലഭ്യമായ അവകാശങ്ങളെക്കുറിച്ചും അലക്സ് ഒഴുകയിൽ വിശദമായ ബോധവത്കരണം യോഗത്തിൽ നല്കി.
കിഫ ചെയർമാൻ അലക്സ് ചാണ്ടി ഒഴുകയിൽ, പ്രവീൺ ജോർജ്ജ്, ജോർജ്ജ് കുംബ്ലാനി, മനോജ് കുംബ്ലാനി, ബെന്നി എടത്തിൽ, സിബി എട്ടിയിൽ, ജോജോ കാഞ്ഞിരക്കാടൻ, താരാരാജ് ബാബു, ലിൻസ് ജോർജ്ജ്, അജു എമ്മാനുവൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
Post a Comment