തിരുവമ്പാടി :
കൈതപൊയിൽ അഗസ്ത്യമുഴി റോഡ് നിർമ്മാണത്തിലെ അപാകത പഞ്ചായത്തിന്റെ തലയിൽ കെട്ടിവെച്ച് ജനശ്രദ്ധ തിരിച്ച് വിടുന്ന സി.പിഎം ഇരട്ട താപ്പിനെതിരെ
തിരുവമ്പാടി പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
കഴിഞ്ഞ ആഴ്ച പഞ്ചായത്ത് ഓഫീസിലേക്ക് സി.പി.എം നടത്തിയ മാർച്ച് എൽ.ഡി.എഫ് സർക്കാരിന്റെയും സ്ഥലം എം.എൽ.എ യുടെയും കഴിവുകേട് മറച്ചു വെക്കുന്നതിനു വേണ്ടിയാണ്.
കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് എം.എൽ.എ ആയിരുന്ന ജോർജ് എം. തോമസ് ടൗൺ വികസനത്തിന് വേണ്ടി 3 കോടി രൂപ അനുവദിച്ചെന്ന് പറഞ്ഞ് പൊതുമരാമത്ത് ഉദ്യോഗസ്ഥരെ കൊണ്ട് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയെങ്കിലും ടൗൺ നവീകരണത്തിനോ, തിരുവമ്പാടി ടൗണിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി തോട്ടിലേക്ക് ഡ്രൈനേജ് നിർമിച്ച് ടൗണിലെ വെള്ളം എത്തിക്കുന്നതിനായിട്ടോ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ല.
ഇപ്പോൾ പുതിയ എം.എൽ.എ 5 കോടി രൂപയുടെ പദ്ധതി നടപ്പാക്കാമെന്ന് പറയുന്നു.
തിരുവമ്പാടി അങ്ങാടിയിലും മറ്റും വെള്ളം ഉയരുന്നത് സാധാരണ ഇരുവഞ്ഞിപുഴയിൽ ജലനിരപ്പ് ഉയരുമ്പോഴാണ്.
എന്നാൽ ഇപ്പോൾ ഒരു ശക്തമായ മഴയിൽ പോലും കടകളിൽ വെള്ളം കയറുന്നത് അഗസ്ത്യമുഴി-കൈതപൊയിൽ റോഡ് നിർമാണത്തിന്റെ ഭാഗമായി ആശാസ്ത്രീയമായ രീതിയിൽ കാന നിർമാണം നടത്തിയതും, റോഡ് പണിയുടെ ഭാഗമായിട്ടുള്ള പാറപ്പൊടിയും, മറ്റ് അവശിഷ്ടങ്ങളും കാനയിൽ നിറയുന്നതും മൂലമാണ്.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ അടഞ്ഞ കാനകൾ തുറന്ന് മാലിന്യങ്ങൾ നീക്കം ചെയ്ത് കഴിഞ്ഞിട്ടുള്ളതുമാണ്.
അഴിമതി നിറഞ്ഞ അഗസ്ത്യമുഴി-കൈതപൊയിൽ റോഡ് നിർമാണവും, ആശാസ്ത്രീയമായ ഡ്രൈനേജ് നിർമാണവും പൂർത്തീകരിക്കാത്തത് മൂലമാണ് ടൗണിൽ വെള്ളക്കെട്ട് ഉണ്ടാകുന്നതെന്ന് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്.
അതിന് പരിഹാരം ഉണ്ടാക്കുന്നതിനു പകരം സി.പി.എം ഉം, സ്ഥലം എം.എൽ.എ യും ജനാരോഷം മറികടക്കുന്നതിനുവേണ്ടി നടത്തിയ പഞ്ചായത്ത് ഓഫീസ് മാർച്ച് രാഷ്ട്രീയ തട്ടിപ്പാണ്.
നാടിനോടും, നാട്ടുകാരോടും പ്രതിബദ്ധതയുണ്ടെങ്കിൽ ഭരണവും, സമരവും എന്ന സി.പി.എം നയം ഒഴിവാക്കി എത്രയും വേഗത്തിൽ റോഡ് പണി പൂർത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ധർണ്ണ ഉദ്ഘാടനം ചെയത സി.കെ ആവശ്യപ്പെട്ടു.
യു.ഡി.എഫ് ചെയർമാൻ കുര്യാച്ചൻ തെങ്ങുംമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. പ്രതിഷേധ സംഗമത്തിൽ ബോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ, രാമചന്ദ്രൻ കരിമ്പിൽ , ലിസി മാളിയേക്കൽ, ബിജു എണ്ണാർമണ്ണിൽ, റോബർട്ട് നെല്ലിക്കാതെരുവിൽ മറ്റു ജനപ്രതിനിധികൾ, യു.ഡി.ഫ് നേതാക്കൾ, യുവജന നേതാക്കൾ തുടങ്ങിയവർ ധർണ്ണയിൽ പങ്കെടുത്തു. ടോമി കൊന്നക്കൽ സ്വാഗതവും കോയ പുതുവയൽ നന്ദിയും പറഞ്ഞു.
Post a Comment