തിരുവനന്തപുരം :
കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന-ജില്ലാ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ശിശുദിനാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സമിതി ജനറല്‍ സെക്രട്ടറി ഡോ. ഷിജൂഖാന്‍ അറിയിച്ചു. 

തൈക്കാട് സമിതി ആസ്ഥാനത്ത് നടക്കുന്ന ശിശുദിന സമ്മേളനം 14ന് രാവിലെ 11.30ന് ആരംഭിക്കും.

രാവിലെ 11ന് തൈക്കാട് ഗവ. മോഡല്‍ എല്‍.പി സ്‌കൂള്‍ അങ്കണത്തില്‍ നിന്ന് പോലീസിന്റെ തുറന്ന ജീപ്പില്‍ ഇത്തവണത്തെ കുട്ടികളുടെ നേതാക്കള്‍, സമിതി ഭാരവാഹികളുടെ അകമ്പടിയോടെ ശിശുക്ഷേമ സമിതി ഹാളില്‍ പ്രവേശിക്കും. 

തുടര്‍ന്ന് കുട്ടികളുടെ നേതാക്കളുടെ പൊതുസമ്മേളനം ആരംഭിക്കും. കുട്ടികളുടെ പ്രസിഡന്റ് ഉമ. എസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മിന്ന രഞ്ജിത് സ്വാഗതം പറയും.

 കുട്ടികളുടെ പ്രധാനമന്ത്രി നിധി പി.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ ദേവകി ഡി.എസ് മുഖ്യപ്രഭാഷണം നടത്തും. ധ്വനി ആഷ്മി നന്ദി പറയും. മുഖ്യമന്ത്രി പിണറായി വിജയന്റെ ശിശുദിന സന്ദേശം ചടങ്ങില്‍ വായിക്കും. വനിതാ ശിശുവികസന മന്ത്രി വീണാ ജോര്‍ജ് ശിശുദിനസ്റ്റാമ്പ് പ്രകാശനം ചെയ്യും.

 ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യപ്രഭാഷണം നടത്തും. മേയര്‍ ആര്യാ രാജേന്ദ്രന്‍, വനിതാ ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, സമിതി ട്രഷറര്‍ ആര്‍. രാജു തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പരിപാടി ഓണ്‍ലൈനായി വീക്ഷിക്കാന്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇത്തവണത്തെ ശിശുദിന സ്റ്റാമ്പിന്റെ ചിത്രം വരച്ച കൊല്ലം പ്രാക്കുളം എന്‍.എസ്.എസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അക്ഷയ്. ബി. പിള്ളയ്ക്കും സ്‌കൂളിനുമുള്ള ഉപഹാരങ്ങള്‍ ചടങ്ങില്‍ നല്‍കും. ശിശുദിനാഘോഷത്തോടനുബന്ധിച്ച് സമിതി സംഘടിപ്പിച്ച സാഹിത്യ രചനാ മത്സരങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യും.

Post a Comment

Previous Post Next Post