ബേപ്പൂർ :
ജല ടൂറിസത്തിൻ്റെ വിസ്മയ കാഴ്ചകളുമായി ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് ഇന്നാരംഭിക്കും. മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടി, ജലോത്സവത്തിൻ്റെ ഉദ്ഘാടനം വൈകീട്ട് ഓണ്‍ലൈനായാണ് നിർവഹിക്കുക. വിവിധങ്ങളായ പരിപാടികൾ, 4 ദിവസത്തെ ജലമേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
ഉരുപ്പെരുമയിൽ ലോകമറിഞ്ഞ നാടിന് ഉത്സവാന്തരീക്ഷം പകരാൻ ബേപ്പൂർ ഒരുങ്ങി.
ജല ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ മുൻനിർത്തി സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാട്ടര്‍ തീം ഫെസ്റ്റിവലിനാണ് ബേപ്പൂർ വേദിയാകുന്നത്.

ബേപ്പൂരിന്റെ പെരുമയും ചരിത്രവും പൈതൃകവും വിനോദസഞ്ചാര മേഖലയില്‍ കൂടുതല്‍ വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ മേഖലകളുമായി സഹകരിച്ചാണ് വാട്ടർ ഫെസ്റ്റ്. വൈകീട്ട് 6ന് ബേപ്പൂര്‍ മറീന ബീച്ചില്‍ മഹാനടൻ മമ്മൂട്ടി ഓണ്‍ലൈനായി ജലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി പി.എ മുഹമ്മദ് റിയാസ് അദ്ധ്യക്ഷനാവും.

ജല ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്നതിനൊപ്പം, സാഹസിക വിനോദ സഞ്ചാരികളെ ആകര്‍ഷിക്കലും മേളയുടെ ലക്ഷ്യമാണ്. ജല കായികമത്സരങ്ങളായ കയാക്കിങ്, സ്റ്റാൻഡപ്പ് പെഡലിംഗ്, ബാംബു റാഫ്റ്റിംഗ് മുതൽ തദ്ദേശവാസികള്‍ക്കായി ചൂണ്ടയിടല്‍, വലവീശല്‍, നാടന്‍ തോണികളുടെ തുഴച്ചില്‍ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഉദ്ഘാടന- സമാപന ദിവസങ്ങളില്‍ ഇന്ത്യന്‍ നാവികസേനയുടെ ഹെലികോപ്റ്റര്‍ ടീം, അഭ്യാസ പ്രകടനങ്ങളുടെ വിസ്മയ കാഴ്ചയൊരുക്കും. മലബാര്‍ രുചി വൈവിധ്യങ്ങൾ പരിചയപ്പെടുത്തുന്ന ഭക്ഷ്യമേള, കരകൗശല പ്രദര്‍ശനങ്ങള്‍, ഫ്‌ളീ മാര്‍ക്കറ്റ് എന്നിവയും ജലമേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.


Post a Comment

Previous Post Next Post