മുക്കം : തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ ലിന്റോ ജോസഫിനും, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിത്വങ്ങൾക്കും ആദരവ് നൽകുന്നതിനായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഗസ്ത്യന്മുഴി യൂണിറ്റ് നടത്തിയ വാർഷിക ജനറൽബോഡി യോഗത്തിന്റെ ഭാഗമായി അങ്ങാടിയിൽ കെട്ടിയ സംഘടനയുടെ കൊടികൾ ചില സാമൂഹിക ദ്രോഹികൾ അഴിച്ചു കൊണ്ടു പോയതിൽ പ്രതിഷേധിച്ചു്, വൻ പ്രതിഷേധപ്രകടനവും, വിശദീകരണ യോഗവും നടത്തി.

 സമാധാനപരമായി കച്ചവടം നടത്തുന്ന അഗസ്ത്യന്മുഴി അങ്ങാടിയിലെ കച്ചവടക്കാരെ തമ്മിലടിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി ചില അദൃശ്യ ശക്തികൾ നടത്തിയ ഈ നീചമായ പ്രവർത്തി മാപ്പ് അർഹിക്കുന്നതല്ല എന്ന് യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ച കോഴിക്കോട് ജില്ലാ സെക്രട്ടറി റഫീഖ് മാളിക അഭിപ്രായപ്പെട്ടു.

 കുറച്ചു കൊടികൾ അഴിച്ചു കൊണ്ടുപോയാൽ തകരുന്നതല്ല ഈ സംഘടന എന്ന് യൂണിറ്റ് പ്രസിഡണ്ട് ജോസഫ് പൈമ്പിള്ളി പറഞ്ഞു.
 സംഘടനയെ അപമാനിക്കുന്നതിനായി കൊടി അഴിച്ചു കൊണ്ടുപോയത് ആരാണെന്നും, അവരുടെ ഉദ്ദേശം എന്താണെന്നും  സമൂഹത്തിനു മുൻപിൽ തുറന്നു കാട്ടണമെന്ന് , നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും, മണാശ്ശേരി യൂണിറ്റ് പ്രസിഡന്റുമായ പി. പ്രേമൻ ആവശ്യപ്പെട്ടു.

ഈ കിരാതമായ പ്രവർത്തിക്കു പിന്നിലുള്ള കറുത്ത കരങ്ങൾ ആരുടേതാണെങ്കിലും, ഇനി ഉയരാൻ അനുവദിക്കുകയില്ല എന്ന് മുക്കം യൂണിറ്റ് പ്രസിഡണ്ടും, നിയോജകമണ്ഡലം ട്രെഷറരുമായ കെ. സി. നൗഷാദ് പറഞ്ഞു.കുറ്റവാളികളെ എത്രയും പെട്ടെന്ന് കണ്ടെത്തി മാതൃകാ പരമായി ശിക്ഷിക്കണമെന്ന് യോഗം പൊലീസ് അധികാരികളോട് ആവശ്യപ്പെട്ടു.

യൂണിറ്റ് ജനറൽ സെക്രട്ടറി ടി. കെ. സുബ്രഹ്മണ്യൻ, ട്രെഷരാർ പി. കെ. റഷീദ്, എ. കെ. ലത്തീഫ്, ഷിജി അഗസ്റ്റിയൻ, പ്രമോദ്. സി, അബ്‌ദുറഹ്‌മാൻ, ലളിത ശിവാനന്ദൻ, രാജേഷ് ഇ.കെ, മോഹൻദാസ്, സുരേഷ് കുമാർ, ബിജു എ. സി എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post