താമരശ്ശേരി: താമരശ്ശേരി ഫോറസ്റ്റ് റെയിഞ്ച് ഓഫീസറുടെ കര്‍ഷക, ജനവിരുദ്ധ നിലപാടുകള്‍ക്കും അധികാര ദുര്‍വിനിയോഗത്തിനുമെതിരെ താമരശേരിക്കടുത്ത് വാവാടുള്ള റെയ്ഞ്ചറുടെ വീട്ടിലേക്ക് നാളെ മാര്‍ച്ച് നടത്താന്‍ സ്വതന്ത്ര കര്‍ഷക സംഘടനകള്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കസ്റ്റഡിയിലെടുത്തയാളെ മാരകമായി ഉപദ്രവിച്ചതിന് താമരശേരി മജിസ്‌ട്രേറ്റ് കോടതി താമരശേരി റെയിഞ്ചക്കെതിരെ മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചിരുന്നു.
പ്രസ്തുത കേസിലെ പരാതിക്കാരനെ വാറ്റ് ചാരായം കൈവശം വെച്ചെന്ന് ആരോപിച്ച് പിടികൂടി അധികാരം ദുര്‍വിനിയോഗം ചെയ്ത് എക്‌സൈസിന് കൈമാറിയിരുന്നു.
ജനരോക്ഷത്താല്‍ കസ്റ്റഡിയിലെടുത്തയാളെ പിന്നീട് വിട്ടയക്കുകയായിരുന്നു.
നൂറാം തോട്ടിലെ 85 വയസുള്ള വയോധികയുടെ വീട്ടില്‍ അതിക്രമിച്ച് കയറി വീടിനകത്ത് നാശനഷ്ടങ്ങള്‍ സംഭവിപ്പിക്കുകയും വൃദ്ധയെയും കൊച്ചു മകനേയും അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത്, വീട്ടിലുണ്ടായിരുന്ന പോത്തിറച്ചി എടുത്ത് കലമാനിന്റെ ഇറച്ചിയാണെന്ന് ആരോപിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതായും ഇവരുടെ വീട്ടു മുറ്റത്ത് കിടന്ന കാര്‍ കസ്റ്റഡിയില്‍ എടുക്കുകയും മറ്റു വാഹനങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിപ്പിക്കുകയും ചെയ്തതിന് നേതൃത്വം നല്‍കിയത് റെയിഞ്ചറാണെന്ന് കര്‍ഷക സംഘടന ഭാരവാഹികള്‍ ആരോപിച്ചു.
കട്ടിപ്പാറയില്‍ കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരിക്ക് പറ്റുകയും മാസങ്ങള്‍ നീണ്ട ചികിത്സക്കൊടുവില്‍ ജീവന്‍ പൊലിയുകയും ചെയ്ത കൂരാച്ചുണ്ട് സ്വദേശി റഷീദിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാതിരിക്കാന്‍ മനപ്പൂര്‍വ്വം ശ്രമിക്കുകയും കുടുംബത്തെ അപമാനിക്കുകയും ചെയ്തത് ഇതേ റെയിഞ്ചറാണെന്നും നഷ്ടപരിഹാരത്തിനുള്ള അപേക്ഷ റെയ്ഞ്ചര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടും അത് മറച്ച് വച്ച് മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാതെ, അപേക്ഷ ലഭിച്ചില്ലെന്ന കളവ് പ്രചരിപ്പിച്ചത് റെയിഞ്ചറുടെ നേതൃത്വത്തിലാണെന്നും ഇവര്‍ പറയുന്നു.
അധികാര ദുര്‍വിനിയോഗം നടത്തി കര്‍ഷകരെയും ജനങ്ങളേയും ബുദ്ധിമുട്ടിക്കുന്ന മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കുമുള്ള സൂചനാ സമരമായാണ് റെയിഞ്ചറുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുന്നതെന്നും സ്വതന്ത്ര കര്‍ഷക സംഘടന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കട്ടിപ്പാറ സംയുക്ത കർഷക സമിതി കൺവീനർ രാജു ജോണ്‍, വി ഫാം കർഷക സംഘടന സംസ്ഥാന ചെയർമാൻ ജോയി കണ്ണൻ ചിറ കട്ടിപ്പാറ സംംയുക്ത കർഷക സമിതി ചെയർമാൻ കെ. വി.സെബാസ്റ്റ്യൻ, ലീലാമ്മ ജോസ് , മറിയാമ്മ കൊടകല്ലേൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Post a Comment