കോഴിക്കോട്:
9,941 പ്രൈമറി വിദ്യാലയങ്ങളില്‍ ഹൈടെക് ലാബ് സൗകര്യം ഏര്‍പ്പെടുത്തിയ രാജ്യത്തെ ഏക സംസ്ഥാനം കേരളമാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ചോറോട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ കിഫ്ബി പദ്ധതി മുഖേന നിർമ്മിച്ച കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസ മേഖലയെ ഉന്നതിയില്‍ എത്തിക്കാനുള്ള സര്‍ക്കാരിന്‍റെ പ്രതിജ്ഞാ ബദ്ധതയുടെ ഉൽപ്പന്നമാണ് ഈ പദ്ധതി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ മാറ്റങ്ങളാണ് കാണാൻ സാധിക്കുന്നത്. സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങളും അക്കാദമിക് നിലവാരവും ഏറെ മെച്ചപ്പെട്ടുവരികയാണെന്നും മന്ത്രി പറഞ്ഞു.
ജനകീയവും ജനാധിപത്യപരവും മതനിരപേക്ഷവുമായ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ പൊതുവിദ്യാലയങ്ങളെ നവീകരിച്ചും അക്കാദമിക് നിലവാരം ഉയര്‍ത്തിയും മുന്നേറുകയാണ് പൊതുവിദ്യാഭ്യാസ രംഗം. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഒരുപോലെ നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ എൻ എസ് എസ് യൂണിറ്റ് നിർമ്മിച്ച ഫ്രീഡം വാൾ കെ മുരളീധരൻ എം പി നാടിന് സമർപ്പിച്ചു.
ലാബുകൾ, ക്ലാസ് മുറികൾ, പ്രോഗ്രാം ഹാൾ എന്നിവയാണ് പുതിയ കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്നത്. ഒരു കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ കിഫ്‌ബി മുഖേന ചെലവഴിച്ചത്.
ചടങ്ങിൽ കെ.കെ രമ എംഎൽഎ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ, ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി ചന്ദ്രശേഖരൻ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ എം വിമല, ബ്ലോക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിജിമോൾ ഡി, സ്വാഗതസംഘം ജനറൽ കൺവീനറും സ്കൂൾ പ്രിൻസിപ്പലുമായ ഗിരീഷ് കുമാർ എൻ കെ, സ്കൂൾ പ്രധാനധ്യാപിക ജ്യോതി മാനോത്ത്, ഡയറ്റ് പ്രിൻസിപ്പൽ വി.വി പ്രേമരാജൻ, ആർ.ഡി.ഡി ഡോ. പി എം അനിൽ, ഡി.ഡി.ഇ സി മനോജ് കുമാർ, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
Post a Comment