കോഴിക്കോട്:
ജല ജീവന്‍ മിഷനുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രവര്‍ത്തവേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജല ജീവന്‍ മിഷനുമായി ബന്ധപ്പെട്ട് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലയിലെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഗ്രാമീണ മേഖലയില്‍ ശുദ്ധജലം ലഭ്യമാക്കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും ഗ്രാമ പഞ്ചായത്തുകളുടെയും സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ജലജീവന്‍ മിഷന്‍. വകുപ്പുകളുടെ ഏകോപനത്തോടെ പ്രശ്‌നങ്ങളിൽ പൂര്‍ണ്ണമായും പരിഹാരം കണ്ട് പദ്ധതി നടപ്പാക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും 2024- ഓടെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുക എന്ന ദൗത്യമാണ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. വനംവകുപ്പിന്റെ സ്ഥലം വിനിയോഗിക്കുന്നതില്‍ വകുപ്പുമായി ചര്‍ച്ചചെയ്യും. ഇക്കാര്യം വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. കുടിവെള്ള പൈപ്പിനായി റോഡുകള്‍ കുഴിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പി.ഡബ്ല്യു.ഡി, എന്‍.എച്ച് വകുപ്പുകളുമായി സംസാരിച്ചു തീരുമാനമെടുക്കും. കരാറുകാരുമായുള്ള പ്രശ്‌നങ്ങള്‍ ഉദ്യോഗസ്ഥര്‍ സംസാരിച്ച് തീര്‍പ്പാക്കണമെന്നും മന്ത്രി പറഞ്ഞു. പിഡബ്ല്യുഡി, വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍മാര്‍ ചേര്‍ന്ന് വിഷയങ്ങള്‍ ചര്‍ച്ചചെയ്ത് വേഗത്തില്‍ പരിഹരിക്കണം. അവലോകന യോഗവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഏഴ് ദിവസത്തിനകം ഉദ്യോഗസ്ഥര്‍ എം.എല്‍.എമാര്‍ക്ക് നല്‍കും. ഈ റിപ്പോര്‍ട്ട് സംബന്ധിച്ച് എം.എല്‍.എമാര്‍ നിയോജകമണ്ഡലതല യോഗം ചേരണമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ പദ്ധതിയുടെ നിലവിലെ സ്ഥിതിഗതികള്‍ മന്ത്രി വിലയിരുത്തി. പ്രവൃത്തി പുരോഗതിയും പ്രശ്‌നങ്ങളും ജനപ്രതിനിധികള്‍ മന്ത്രിയോട് പങ്കുവച്ചു.
വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, എംഎല്‍എമാരായ പി.ടി.എ റഹീം, ലിന്റോ ജോസഫ്, അഡ്വ.കെ.എം സച്ചിന്‍ദേവ്, കാനത്തില്‍ ജമീല, ജില്ലാ കലക്ടര്‍ ഡോ. എന്‍തേജ് ലോഹിത് റെഡ്ഡി, ഡിഡിസി എം.എസ് മാധവിക്കുട്ടി, വാട്ടര്‍ അതോറിറ്റി ബോര്‍ഡ് അംഗം ഷാജി പാമ്പൂരി, വാട്ടര്‍ അതോറിറ്റി ചീഫ് എഞ്ചിനീയര്‍ എസ് .ലീനാകുമാരി, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥർ, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



إرسال تعليق