ഇടുക്കി:
ഇടുക്കി ജില്ലയ്ക്ക് ആരോഗ്യ മേഖലയിൽ സവിശേഷമായ പ്രാധാന്യം നൽകി ആശുപത്രികൾ രോഗീ സൗഹൃദമാക്കുന്നതിന് സർക്കാർ  നിരവധി ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും ഇത് തുടരുമെന്നും ആരോഗ്യ കുടുംബക്ഷേമ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ്. പീരുമേട് താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ലേബർ റൂം, ഓപ്പറേഷൻ തീയറ്റർ, ബ്ലഡ് സ്റ്റോറേജ് യൂണിറ്റ്, നവീകരിച്ച വാർഡ് എന്നിവയുടെ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 


ഇടുക്കി ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കൊണ്ടും  ടൂറിസം സാധ്യത ഏറെയുള്ള ജില്ലാ എന്നതുകൊണ്ടും ആരോഗ്യമേഖലയിൽ കൃത്യമായ ആസൂത്രണത്തോടു കൂടി ഒട്ടേറെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ആരോഗ്യമേഖലയിൽ ഇടമലക്കുടിയിൽ സ്ഥിരം തസ്തികകൾ സൃഷ്ടിക്കാൻ ഈ സർക്കാരിന്  കഴിഞ്ഞുവെന്നും ഗോത്ര മേഖലയുമായി ബന്ധപ്പെട്ട ആരോഗ്യ കേന്ദ്രങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

താലൂക്ക് ആശുപത്രിയിൽ ലേബർ റൂം എന്ന ദീർഘകാലമായുള്ള നാടിന്റെ സ്വപ്നം സാക്ഷാത്കരിക്കുമ്പോൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എല്ലാവരെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. താലൂക്ക് ആശുപത്രിയ്ക്ക് ഇനിയും വികസനം ആവശ്യമാണ്. ഇതിന് സംസ്ഥാന സർക്കാർ സന്നദ്ധമാണെന്നും സ്ഥലം ലഭിക്കുന്ന മുറയ്ക്ക് നടപടികൾ പൂർത്തിയാക്കി പുതിയ കെട്ടിട നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

ആശുപത്രികളിൽ രോഗി സൗഹൃദവും ജന സൗഹൃദവുമായ അന്തരീക്ഷം ഉണ്ടാകണം. ഏറ്റവും മികച്ച ചികിത്സ സംവിധാനങ്ങൾ സർക്കാർ ആശുപത്രികളിൽ ഉണ്ടാകണം.  ഒരാൾക്ക് പോലും ചികിത്സ നിഷേധിക്കപ്പെടരുതെന്ന ലക്ഷ്യത്തോടെ ചികിത്സ രംഗത്ത് വലിയ മുന്നേറ്റമാണ് സർക്കാർ നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. വാഴൂർ സോമൻ എം എൽ എ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

പീരുമേട് തോട്ടം മേഖലയിലെ പ്രധാന ആശുപത്രിയാണ് താലൂക്ക് ആശുപത്രി. സർക്കാർ ഡിസ്പെൻസറിയായിട്ടാണ് ആശുപത്രി പ്രവർത്തനം ആരംഭിച്ചത്. ആശുപത്രി വികസിപ്പിക്കണമെന്ന നിരന്തരമായ ആവശ്യത്തെ തുടർന്ന്  1988 ലാണ്  താലൂക്ക് ഹെഡ് ക്വോർട്ടേഴ്സ് ആശുപത്രിയാക്കി ഉയർത്തിയത്.  തോട്ടം മേഖലയിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ നൽകാൻ പീരുമേട് താലൂക്ക് ആശുപത്രിയുടെ  വികസനം  ആവശ്യമായിരുന്നു. പൊതുജനങ്ങളുടെയും സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികളുടെയും നിരന്തരമായ ആവശ്യത്തെ തുടർന്നാണ്  ആശുപത്രിയിൽ പ്രസവവാർഡും ഓപ്പറേഷൻ തീയേറ്ററും പണിയാൻ അനുമതി ലഭിച്ചത്.  ആശുപത്രിയിൽ മേറ്റേണിറ്റി യൂണിറ്റ് ആരംഭിക്കുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തി 5 കോടി 35 ലക്ഷം രൂപ അനുവദിക്കുകയും മെറ്റേണിറ്റി യൂണിറ്റിന്റെ നിർമ്മാണ പ്രവർത്തനം 2015 ൽ ആരംഭിക്കുകയും ചെയ്തു. 2021 ഫെബ്രുവരി മാസത്തിൽ ഗൈനക്കോളജി ഒ പി, മറ്റ് ഒ.പികൾ, കാഷ്വാലിറ്റി എന്നിവയുടെ പ്രവർത്തനം പുതിയ കെട്ടിടത്തിൽ ആരംഭിച്ചു. ലേബർ റൂമിന്റെയും ഓപ്പറേഷൻ തീയേറ്ററിന്റെയും,ലേബർ വാർഡിന്റെയും നിർമ്മാണം പൂർത്തീകരിക്കുന്നതിനുവേണ്ടി അഴുത ബ്ലോക്ക് പഞ്ചായത്ത് വിവിധ ഘട്ടങ്ങളിലായി 60 ലക്ഷം രൂപ അനുവദിച്ചു. ആരോഗ്യകേരളം ഇടുക്കി ആഫീസ് മുഖേന 45 ലക്ഷം രൂപയും ചെലവഴിച്ചു.  കൊച്ചിൻ ഷിപ്പിയാർഡിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് ബ്ലെഡ് സ്റ്റോറേജ് യൂണിറ്റ് പ്രവർത്തനസജ്ജമാക്കിയിട്ടുള്ളത്. ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനു അഴുത ബ്ലോക്ക് പഞ്ചായത്ത് ഡി.എം.ഒ ഡിപിഎം-എൻഎച്ച്എം, എന്നിവിടങ്ങളിൽ നിന്നും ഇടപെടലുകൾ നടത്തി ജീവനക്കാരെ നിയമിച്ചു. തോട്ടം മേഖലയിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഏക ആശ്രയമായ ആശുപത്രിയുടെ വികസനം പൂര്‍ണ്ണതയില്ലെത്തിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് വാഴൂര്‍ സോമൻ എംഎല്‍എയുടെയും,  ജില്ലാ വികസന കമ്മീഷണർ ആയിരുന്ന  അര്‍ജുന്‍ പാണ്ഡ്യന്റെയും നേതൃത്വത്തില്‍ നിരവധി അവലോകന യോഗങ്ങള്‍ നടത്തിയതിന്റെ ഫലമായാണ് ആശുപത്രിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിൽ അതിവേഗം പൂർത്തീകരിക്കാൻ കഴിഞ്ഞത്.   

അഡ്വ. ഡീൻ കുര്യാക്കോസ് എംപി മുഖ്യാതിഥി ആയി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം നൗഷാദ്, പീരുമേട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സാബു, ജില്ലാ പഞ്ചായത്ത്‌ അംഗം കെ. ടി. ബിനു, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. സുരേഷ് വർഗീസ് എസ്, താലൂക്ക് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. അനന്ത് എം, ജില്ലാ - ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post