• വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ അങ്കണത്തിൽ വിളഞ്ഞ ചോളം ,ചോളാപ്പൊരിയാക്കി വിദ്യാർഥികൾക്കു നൽകുന്നതിന്റെ വിതരണ ഉദ്ഘാടനം കുന്ദമംഗലം ബിപിസി പി കെ മനോജ് കുമാർ നിർവഹിക്കുന്നു.

ഓമശ്ശേരി:
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ അങ്കണത്തിൽ വിളഞ്ഞ ചോളമാണ് ഉണക്കി ചോളാപ്പൊരിയാക്കി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും നൽകി ശിശുദിനാഘോഷം വേറിട്ട ഒരനുഭവമാക്കി മാറ്റിയത്.

ക്ലാസ് മുറിക്കു പുറത്തും നിരവധി അനുഭവ പാഠങ്ങൾ കുട്ടികൾക്കു നൽകി വേനപ്പാറ യുപി സ്കൂൾ വീണ്ടും വിസ്മയം തീർക്കുകയാണ്.


നൂറുദിവസത്തിലേറെ സ്കൂൾ അങ്കണത്തിൽ ഹരിത ശോഭ നൽകിയ ചോളം കഴിഞ്ഞ ആഴ്ച ലിന്റോ ജോസഫ് എം എൽ എ വിളവെടുപ്പ് ഉദ്ഘാടനം നടത്തിയ ശേഷം പറിച്ചെടുത്ത് ഉണക്കി കുട്ടികൾക്കു മുമ്പിൽ വെച്ച് ചോളാപ്പൊരിയാക്കുകയായിരുന്നു.
ചോളാപ്പൊരി കച്ചവടം നടത്തുന്ന ഉസൈൻ അരീക്കലിന്റെ സഹായവും ലഭിച്ചതോടെ പുതിയൊരു മാതൃകകൂടി സൃഷ്ടിക്കാൻ ഹരിത വിദ്യാലയത്തിന് സാധിച്ചു.

സ്കൂളിലെ പ്രീ പ്രൈമറി മുതൽ ഏഴുവരെ ക്ലാസുകളിലുള്ള മുഴുവൻ കുട്ടികൾക്കും ചോളാപ്പൊരിയും വീടുകളിൽ നട്ടുവളർത്തുന്നതിനായി ചോളത്തിന്റെ വിത്തും വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം കുന്ദമംഗലം ബിപിസി പി കെ മനോജ്കുമാർ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ.സൈമൺ കിഴക്കേക്കുന്നേൽ പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യാപകരായ ജിജോ തോമസ്, ജിൽസ് തോമസ് , ഡോൺ ജോസ് ,കെ ജെ ഷെല്ലി സിസ്റ്റർ ജെയ്സി ജെയിംസ്, കെ പി പ്രജിത സ്കൂൾ ലീഡർ പി നഷ എന്നിവർ പ്രസംഗിച്ചു.
ചോളത്തിന് പുറമെ സ്കൂൾ കൃഷിയിടത്തിൽ കരനെല്ലും വിവിധ ഇനം പച്ചക്കറികളും വിവിധ ഇനം മുളങ്കൂട്ടങ്ങളുമെല്ലാം പരിപാലിച്ചു വളർത്തുന്ന വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിനെ ഹരിത കേരളം മിഷൻ ഹരിത വിദ്യാലയം പുരസ്കാരം നൽകി ആദരിച്ചിരുന്നു. കരനെല്ലിന്റെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തതതും ഹരിത വിദ്യാലയം പുരസ്കാരം നൽകാൻ ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡി ഐ എ എസ് വിദ്യാലയത്തിലെത്തിയതും വലിയൊരു അംഗീകാരമായി മാറി.

Post a Comment

أحدث أقدم