കോഴിക്കോട്:
കേരളത്തിൻ്റെ പരിസ്ഥിതി സംരക്ഷിക്കുന്നതിൽ ഹരിത കർമ്മസേന അംഗങ്ങൾ മാതൃകയെന്ന് സ്പീക്കർ എ.എൻ ഷംസീർ. കുന്നുമ്മൽ ബ്ലോക്ക് തല ഹരിത കർമ്മസേന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


രാജ്യത്തിൻ്റെ അതിർത്തി കാക്കുന്നത് പട്ടാളക്കാരാണെങ്കിൽ പരിസ്ഥിതി കാക്കുന്ന സേനയാണ് ഹരിത കർമ്മ സേന. ശുചിത്വ മാലിന്യ സംസ്ക്കരണത്തെ സംബന്ധിച്ച് പൊതുബോധം വളർത്തിയെടുക്കാൻ നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. മാലിന്യ നിർമാർജ്ജനവുമായി ബന്ധപ്പെട്ട് മണ്ഡലത്തിൽ കൂടുതൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാനും സ്പീക്കർ നിർദ്ദേശിച്ചു.


മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച  പഞ്ചായത്തുകളെ ചടങ്ങിൽ ആദരിച്ചു. ഹരിത കർമ്മ സേനാംഗങ്ങളുടെ പ്രവർത്തന അവതരണം, സംശയ നിവാരണം, ഗ്രൂപ്പ് ചർച്ച, വിവിധ കലാപരിപാടികൾ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.

ചടങ്ങിൽ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ശുചിത്വമിഷൻ കോർഡിനേറ്റർ സുനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. കക്കട്ടിൽ പുത്തലത്ത് ഓഡിറ്റോറിയത്തിൽ  നടന്ന പരിപാടിയിൽ  ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് കെ.പി ചന്ദ്രി, ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ ബാബു കാട്ടാളി, വി.കെ.റീത്ത, കെ.സജിത്ത്, പി.ജി ജോർജ്ജ് മാസ്റ്റർ, നജീമ കുളമുള്ളതിൽ, ജി.ഇ.ഒ ഗീത കെ.എം, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post