കൊടുവള്ളി :
ആർ.ഇ.സി മലയമ്മ കൂടത്തായി റോഡ് പ്രവൃത്തി ടെണ്ടർ ചെയ്തതായി ഡോ: എം. കെ മുനീർ എംഎൽഎ അറിയിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 2020 ൽ 45.2 കോടി രൂപയുടെ ധനകാര്യ അനുമതി കിട്ടിയിരുന്നുവെങ്കിലും ഈ റോഡിന് ആവശ്യമായ ഭൂമി ലഭ്യമാക്കുന്നതിൽ വന്ന കാലതാമസമാണ് പ്രവൃത്തി ടെണ്ടർ ചെയ്യുന്നത് നീണ്ടുപോകാൻ ഇടയാക്കിയത്.
എം. എൽ. എ ആയതിനു ശേഷം നിരവധി യോഗങ്ങൾ സംഘടിപ്പിക്കുകയും ഭൂമി ലഭ്യമാക്കുന്നതിനു വേണ്ടി പരിശ്രമിക്കുകയും ചെയ്തതിന്റെ ഫലമായി ഭൂമി ഏറ്റെടുക്കാൻ സാധിച്ചതായി എം. എൽ. എ പറഞ്ഞു. ജിഎസ്ടിയിലും പൊതുമരാമത്ത് നിരക്കിലും ഉണ്ടായ വർദ്ധനവ് കാരണം പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം സാങ്കേതികാനുമതി ലഭ്യമാക്കിയ 49.5 കോടി രൂപയുടെ പ്രവൃത്തിയാണ് ഇപ്പോൾ ടെണ്ടർ ചെയ്തിട്ടുള്ളത്.
ആർ.ഇ.സി മലയമ്മ, വെളിമണ്ണ കൂടത്തായി റോഡിന്റെ ആകെ നീളം 11.2 കിലോമീറ്ററാണ്. 7 മീറ്റർ വീതിയിൽ കാരേജ് വേയും ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയിൽ ഫുട്പാത്തും ഉൾപ്പെടെ 10 മീറ്റർ വീതിയിലാണ് ടെണ്ടർ ചെയ്ത പദ്ധതിയുടെ ഭാഗമായി പ്രവൃത്തി നടത്തുന്നത്.
ആവശ്യമായ ഡ്രെയിനേജ് സംവിധാനം, കൾവർട്ടുകളുടെ നിർമ്മാണം, സൈഡ് പ്രൊട്ടക്ഷൻ വാളുകൾ, സൈൻ ബോർഡുകൾ, റോഡ് മാർക്കിംഗ് തുടങ്ങിയവയും നവീകരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൊടുവള്ളി, കുന്നമംഗലം മണ്ഡലങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ പ്രവൃത്തി പൂർത്തീകരിക്കുന്നതോടെ കൂടത്തായി, വെളിമണ്ണ, ചാത്തമംഗലം, മലയമ്മ തുടങ്ങിയ പ്രദേശങ്ങളിലൂടെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്നവർക്കുള്ള എളുപ്പമാർഗ്ഗമായി ഈ റോഡ് മാറുമെന്നും എം എൽ എ
ഡോ: എം. കെ മുനീർ പറഞ്ഞു.
Post a Comment