ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ ലീഡർ പി നഷയ്ക്ക് സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ വെച്ച് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും ബഹിരാകാശ ശാസ്ത്രജ്ഞനുമായ പത്മശ്രീ എം സി ദത്തൻ സർട്ടിഫിക്കറ്റും ഫലകവും കാഷ് അവാർഡും സമ്മാനിക്കുന്നു.

ഓമശ്ശേരി : ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ
ഇടംനേടി വേനപ്പാറ യുപി സ്കൂൾ
ജനുവരി 27 മുതൽ 31 വരെ അഹമ്മദാബാദിൽ നടക്കുന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ പ്രൊജക്ട് അവതരിപ്പിക്കാൻ വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ ലീഡർ പി നഷ തെരഞ്ഞെടുക്കപ്പെട്ടു.


ജില്ലാ സംസ്ഥാന ബാലശാസ്‌ത്ര കോൺഗ്രസുകളിലെ മികച്ച പ്രകടനമാണ് തെരഞ്ഞെടുക്കപ്പെടാൻ കാരണമായത്.
പ്രകൃതിയിൽ നിന്നുള്ള കുട്ടികളുടെ
അകൽച്ചയും പ്രശ്നങ്ങളും എന്ന വിഷയത്തിൽ ഏഴാം ക്ലാസ് വിദ്യാർഥികളായ പി നഷയും ആരതി പ്രദീപും ചേർന്ന് ടീച്ചർ ഗൈഡ് മിനി മാനുവലിന്റെ സഹായത്തോടെ തയ്യാറാക്കിയ പ്രൊജക്ടാണ് ദേശീയ അംഗീകാരത്തിലേക്കെത്തി നിൽക്കുന്നത്.

പ്രകൃതിയിലെ മാറ്റങ്ങളും ജൈവ വൈവിധ്യത്തെയും ജീവജാലങ്ങളെയും കണ്ടും അറിഞ്ഞും വളരേണ്ട കുട്ടികൾക്ക് പ്രകൃതിയുമായുള്ള ബന്ധം കുറഞ്ഞതായും അത് ഭയാനകമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും വേനപ്പാറയിലെ കുട്ടികൾ പ്രൊജക്ടിലൂടെ വ്യക്തമാക്കുന്നു.

പ്രകൃതിയുമായി ഇണങ്ങിച്ചേർന്നു പ്രവർത്തിക്കാൻ നിരവധി അവസരങ്ങളൊരുക്കിയിട്ടുള്ള വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ വിദ്യാർഥികൾക്ക് ഗവേഷണ നിരീക്ഷണ പ്രവർത്തനങ്ങൾക്ക് ലഭിച്ച മറ്റൊരു അംഗീകാരമാണിത്.

ഹരിത കേരളം മിഷന്റെ ഹരിത വിദ്യാലയ പുരസ്കാരം ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡി കഴിഞ്ഞ മാസം സ്കൂളിലെത്തി വിദ്യാലയത്തിന് സമർപ്പിച്ചിരുന്നു.

സ്കൂൾ അങ്കണത്തിൽ കൃഷിഭവന്റെ സഹകരണത്തോടെ കാർഷിക ക്ലബിന്റെ നേതൃത്വത്തിൽ കരനെല്ലു ചോളവും എള്ളും കാരറ്റും വിഷമില്ലാത്ത പച്ചക്കറി വീട്ടിലും വിദ്യാലയത്തിലും എന്ന സ്കൂൾ പദ്ധതി പ്രകാരം വിപുലമായ പച്ചക്കറി കൃഷിയും വിവിധ ഇനത്തിൽപ്പെട്ട നൂറോളം മുളങ്കൂട്ടങ്ങളുമെല്ലാം സംരക്ഷിച്ചു വളർത്തി കാർഷിക പരിസ്ഥി പ്രവർത്തനങ്ങളിൽ മാതൃക സൃഷ്ടിക്കുന്ന വിദ്യാലയമാണ് വേനപ്പാറയു പി സ്കൂൾ .
ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പി നഷയ്ക്ക് സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ വെച്ച് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും ബഹിരാകാശ ശാസ്ത്രജ്ഞനുമായ പത്മശ്രീ എം സി ദത്തൻ സർട്ടിഫിക്കറ്റും ഫലകവും കാഷ് അവാർഡും സമ്മാനിച്ചു.

Post a Comment

Previous Post Next Post