കോഴിക്കോട്:
കേരള അഗ്രോ ബിസിനസ് കമ്പനി ജനുവരിയിൽ യാഥാർത്ഥ്യമാകുമെന്ന് കൃഷി വകുപ്പ് മന്ത്രി. പി പ്രസാദ്. വേങ്ങേരി അഗ്രിഫെസ്റ്റ് കാർഷിക വിപണനമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കർഷകർക്കും വ്യാപാരികൾക്കും പങ്കാളിത്തം ഉറപ്പാക്കുന്ന തരത്തിലായിരിക്കും കേരള അഗ്രോ ബിസിനസ് കമ്പനി രൂപം കൊള്ളുന്നത്. കാർഷിക മേഖലയിൽ ഇതൊരു പുതിയ കാൽവെപ്പായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
കൃഷിയിടത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ആസൂത്രണമാണ് ഈ വർഷം മുതൽ കൃഷി വകുപ്പ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ശാസ്ത്രീയവും പരമ്പരാഗതവുമായ അറിവ് കൊണ്ട് വേണം കൃഷിയിടത്തെ കണക്കിലെടുക്കാൻ. മണ്ണിന്റെയും ഭൂമിയുടെയും കാലാവസ്ഥയുടെയും പ്രത്യേകതകൾ കണക്കിലെടുത്ത് ഏത് കൃഷി ചെയ്താലാണ് ഏറ്റവും നല്ല വിളവ് കിട്ടുക എന്ന് മനസ്സിലാക്കി ആ കൃഷി രീതി പിന്തുടരണം. വാർഡ്,പഞ്ചായത്ത്, ബ്ലോക്ക് ,ജില്ല,സംസ്ഥാന തലങ്ങളിലുള്ള ആസൂത്രണത്തിലൂടെ എത്രമാത്രം ഉത്പാദനം ഉണ്ടാകുമെന്ന് മുൻകൂട്ടി അറിയാൻ സാധിക്കും.1076 കൃഷിഭവനുകളിലും ഫാം പ്ലാനുകൾ ഉണ്ടാകണമെന്നാണ് കൃഷിവകുപ്പ് ആലോചിക്കുന്നത്. 800 അധികം ഫാം പ്ലാനുകൾ ഇതിനോടകം രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളിലേക്ക് എത്തുന്നതിനായി വാല്യൂ ആഡഡ് അഗ്രികൾച്ചർ മിഷൻ രൂപീകരിച്ചിട്ടുണ്ട്. 11 സർക്കാർ വകുപ്പുകൾ ചേർന്ന ഈ സംവിധാനത്തിൽ മുഖ്യമന്ത്രി ചെയർമാനായും കൃഷി, വ്യവസായ വകുപ്പ് മന്ത്രിമാർ വൈസ് ചെയർമാൻമാരുമായി പ്രവർത്തിക്കും. കാർഷിക വിളകൾ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളായാൽ കർഷകരുടെ വരുമാനത്തിൽ വലിയ വർദ്ധനവ് ഉണ്ടാകും. നാട്ടിലും മറുനാട്ടിലും വിപണനം നടത്താൻ കഴിയണം. കുറഞ്ഞത് 50 ശതമാനം എങ്കിലും വർദ്ധനവ് ഉണ്ടാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
നിലവിൽ റീഫർ വാഹനങ്ങൾ 19 എണ്ണം കൃഷിവകുപ്പ് പുറത്തിറക്കിയിട്ടുണ്ട് . പ്രാഥമിക കാർഷിക ബാങ്കുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെല്ലാം ഈ രംഗത്ത് ഗൗരവമായി ഇടപെട്ടാൽ കൂടുതൽ വാഹനങ്ങൾ ലഭ്യമാക്കാനാകും. ഉൽപ്പന്നങ്ങളുടെ ആകർഷകമായ പാക്കിംഗിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കിംഗുമായി ചേർന്നു ട്രെയിനിങ് സൗകര്യമൊരുക്കാനുള്ള നടപടികളിലേക്ക് നീങ്ങും. പഴം ,പച്ചക്കറി മേഖലയിൽ കൂടുതൽ ഇടപെടലുകൾ നടത്തി അന്താരാഷ്ട്ര ഇടങ്ങളിലേക്ക് എത്തിക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
നാളികേര കർഷകരെ സഹായിക്കുന്നതിനുള്ള നടപടിയിലേക്ക് സർക്കാർ നീങ്ങുകയാണ്. ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സും ഫാർമേഴ്സ് ഓർഗനൈസേഷനും കേരഗ്രാമങ്ങളും കേരസമിതികളും ഫലപ്രദമായി ഇടപെടലുകൾ നടത്തുമ്പോൾ ഇക്കാര്യത്തിൽ ശാശ്വതമായ പരിഹാരം ഉണ്ടാക്കാനാകുമെന്നും മന്ത്രിപറഞ്ഞു.
മണ്ണ് വെറുതെയിടാനുള്ളതല്ലെന്നും കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അവ വിട്ടുകൊടുക്കണമെന്നും മന്ത്രി പറഞ്ഞു. വേങ്ങേരി മാർക്കറ്റിൽ തരിശായി കിടന്ന ഇടങ്ങളിൽ കൃഷി ചെയ്ത എല്ലാവരെയും മന്ത്രി അഭിനന്ദിച്ചു. സമ്പൂർണ്ണമായ കൃഷിയിടങ്ങൾ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. മലബാറിന്റെ ഭക്ഷ്യ സാംസ്കാരിക കാർഷിക രീതികൾ സമുന്നയിക്കുന്ന ഒന്നായി പുഷ്പമേളയും കാർഷികമേളയും മാറട്ടെ എന്നും മന്ത്രി ആശംസിച്ചു.
ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായിരുന്നു. മേയർ ഡോ. ബീന ഫിലിപ്പ്, കൃഷിവകുപ്പ് ഡയറക്ടർ ഇൻ ചാർജ് ജോർജ് അലക്സാണ്ടർ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. വേങ്ങേരി മാർക്കറ്റിലെ ലേലത്തിൽ ഏറ്റവും കൂടുതൽ പച്ചക്കറി കൊണ്ടുവന്ന കർഷകൻ മഞ്ചേരി പുൽക്കൊള്ളി അബ്ദുള്ള കുട്ടിക്കോയയെ ചടങ്ങിൽ ആദരിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ നാസർ. കൗൺസിലർ കെ.സി ശോഭിത, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. പി ഗവാസ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ കോഴിക്കോട് മിനി ഇ.എസ്, വേങ്ങേരി മാർക്കറ്റ് അസിസ്റ്റന്റ് സെക്രട്ടറി അജയ് അലക്സ്, വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ, വ്യാപാരി വ്യവസായി ഏകോപന സമിതി തടമ്പാട്ടുത്താഴം പ്രസിഡണ്ട് രമേഷ് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി, കർഷക സംഘടനാ പ്രതിനിധികൾ, വ്യവസായികൾ തുടങ്ങിയവർ പങ്കെടുത്തു. വേങ്ങേരി മാർക്കറ്റ് സെക്രട്ടറി രമാദേവി പി.ആർ സ്വാഗതവും അഗ്രി ഫെസ്റ്റ് ചെയർമാൻ കെ ജയൻ നന്ദിയും പറഞ്ഞു
ഡിസംബർ 31 വരെ നടക്കുന്ന വേങ്ങേരി അഗ്രി ഫെസ്റ്റിവൽ ഫ്ലവർ ഷോ,കാർഷിക കാർഷികേതര വിപണന പ്രദർശനം, നാട്ടുചന്ത, കാർഷിക സെമിനാറുകൾ ,ഫുഡ് കോർട്ട് ,അമ്യൂസ്മെന്റ് പാർക്ക് ,അലങ്കാര മത്സ്യപ്രദർശനം, കുട്ടികൾക്കുള്ള വിനോദ പരിപാടികൾ, വിവിധ കലാപരിപാടികൾ തുടങ്ങിയവ ഉണ്ടാകും.
إرسال تعليق