കാരശ്ശേരി:
കക്കാട് ഗവ. എൽ.പി സ്‌കൂളിലെ നിലവിലുള്ള കെട്ടിടത്തിൽ പുതുതായി നിർമിച്ച ക്ലാസ് റൂമിന്റെ ഉദ്ഘാടനം ലിന്റോ ജോസഫ് എം.എൽ.എ നിർവ്വഹിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിൽ കക്കാടിലെ ജനത മറ്റുള്ളവർക്ക് മാതൃകയാണെന്ന് എംഎൽഎ പറഞ്ഞു.
സ്‌കൂളിനായി വാങ്ങിയ 22 സെന്റ് സ്ഥലത്ത് അന്താരാഷ്ട്ര നിലവാരത്തിൽ പണിയാനിരിക്കുന്ന ഹൈടെക് കെട്ടിട സമുച്ചയത്തിന് ഭരണാനുമതി ലഭിച്ചതായും സാങ്കേതികാനുമതി കൂടി ലഭിച്ചാൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ലോകോത്തര മാതൃകയിൽ രണ്ടര കോടിയോളം രൂപ ചെലവഴിച്ച് പണിയുന്ന അത്യാധുനിക കെട്ടിട സമുച്ചയത്തിന്റെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾക്കായി എം.എൽ.എ ഫണ്ടിൽ നിന്ന് ഇതിനകം ഒരു കോടി 34 ലക്ഷം രൂപ അനുവദിച്ചതായും എം.എൽ.എ അറിയിച്ചു. ജോർജ് എം തോമസ് എം.എൽ.എയുടെ 2020-21 വർഷത്തെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് പുതിയ ക്ലാസ് റൂം നിർമിച്ചത്.
ചടങ്ങിൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എടത്തിൽ ആമിന, മുക്കം എ.ഇ.ഒ പി.ഓംകാരനാഥൻ, കുന്ദമംഗലം ബി.പി.സി പി.കെ മനോജ് കുമാർ, സ്‌കൂൾ ഹെഡ്മിസ്ട്രസ് ജാനീസ് ജോസഫ്, പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ്, എസ്.എം.സി ചെയർമാൻ കെ.ലുഖ്മാനുൽ ഹഖീം തുടങ്ങിയവർ സംസാരിച്ചു.
Post a Comment