തിരുവനന്തപുരം:
സാന്ത്വന പരിചരണ മേഖലയിലേക്ക് കൂടുതൽ പേർ കടന്നുവരണമെന്ന് മന്ത്രി വി ശിവൻകുട്ടി. കേരള പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസും ആരോഗ്യകേരളവും സംയുക്തമായി സംഘടിപ്പിച്ച അരികെ സാന്ത്വന സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സാന്ത്വന പ്രവർത്തനത്തിന് പകരം വയ്ക്കാൻ മറ്റൊന്നുമില്ലെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്നവരെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രി ആന്റണി രാജു അധ്യക്ഷനായി. പാലിയേറ്റീവ് രോഗികൾക്കുള്ള പ്രാഥമിക പരിചരണം വീട്ടിലുള്ള മറ്റംഗങ്ങൾ നിവർവഹിക്കുന്ന തലത്തിലേയ്ക്ക് മാറേണ്ടതായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ജില്ലയിൽ വിവിധ തദ്ദേശസ്ഥാപനങ്ങളുടെ കീഴിൽ 90 പ്രൈമറി യൂണിറ്റുകളിലായി 26,271 രോഗികളാണ് സാന്ത്വന പരിചരണ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതിൽ 15,419പേരെ വീടുകളിലെത്തിയും പരിചരിക്കുന്നുണ്ടെന്ന് റിപ്പോർട്ട് അവതരിപ്പിച്ച് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ആശ വിജയൻ പറഞ്ഞു. സംസ്ഥാന എൻ.സി.ഡി നോഡൽ ഓഫീസർ ഡോ. ബിപിൻ ഗോപാൽ സാന്ത്വന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നൂറ് പാലിയേറ്റീവ് രോഗികൾക്ക് ഭക്ഷ്യ കിറ്റ് വിതണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, ഹോമിയോ ഡിഎംഒ ഡോ. വി കെ പ്രിയദർശിനി, ആയുർവേദ ഡിഎംഒ ഡോ. ഷീബ മേബലറ്റ്, സിനി താരങ്ങളായ സോണിയ മൽഹാർ, ഗിരീഷ് നമ്പ്യാർ തുടങ്ങിയവരും സംസാരിച്ചു. പരിപാടിയുടെ ഭാഗമായി വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.
Post a Comment