കെ.കെ.രമ എംഎൽഎ എൻ.എസ്.എസ് സ്റ്റാളിൽ

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയായ വിക്രം മൈതാനിയിൽ ഒരുക്കിയ ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീമിന്റെ സ്റ്റാൾ ശ്രദ്ധേയമാവുന്നു. സ്റ്റാളിന്റെ ഉദ്ഘാടനം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.

കലോത്സവത്തിനെത്തുന്നവരെ ആകർഷിക്കുന്ന തരത്തിലാണ് സ്റ്റാൾ ഒരുക്കിയിരിക്കുന്നത്.സ്റ്റാളിന്റെ മുൻവശത്തായി ഒരുക്കിയ സെൽഫി പോയിന്റാണ് സന്ദർശകരെ സ്റ്റാളിലേക്ക്
സ്വാഗതം ചെയ്യുന്നത്. ലഹരി വിരുദ്ധ സന്ദേശത്തിന്റെ പ്രതീകമായ കില്ലാടിപ്പാവയുടെ കൂറ്റൻ മാതൃകയോടൊപ്പം ഇവിടെ നിന്നും  സെൽഫിയെടുക്കാം. ഹോണസ്റ്റ് കോർണറാണ് സ്റ്റാളിനെ വ്യത്യസ്തമാക്കുന്ന മറ്റൊന്ന്. ഇവിടെ നിർമ്മിച്ചിരിക്കുന്ന മരത്തിൽ കടലാസു പേനകൾ തൂക്കിയതു കാണാം. പത്തു രൂപ നിക്ഷേപിച്ചാൽ സന്ദർശകർക്ക് കടലാസുപേനയുമായി പോകാം. കേരളത്തിന്റെ പൈതൃകമുണർത്തുന്ന വസ്തുക്കളാണ് ഹെറിട്ടേജ് കോർണറിൽ സജ്ജീകരിച്ചിരിക്കുന്നത്.

ആർട്ട്‌ ചെയറാണ് സ്റ്റാളിന്റെ മറ്റൊരു പ്രത്യേകത. എൻ എസ് എസിന്റെ സന്ദേശങ്ങൾ കുറിച്ച പോസ്റ്റ്‌ കാർഡുകളാണ് ആർട്ട്‌ ചെയറിൽ ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള കലാപ്രതിഭകളുടെ പ്രകടനവുമായി ടാലന്റ് ചെയറും സ്റ്റാളിൽ സജ്ജീകരിച്ചിരിട്ടുണ്ട്.
ജെ ഡി ടി സ്കൂളിലെ എൻ എസ് എസ് പ്രോഗ്രാം ഓഫിസർ മജ്നി തിരുവങ്ങൂർ, ഡോ. ശ്രീജ പി കെ, മാവൂർ ക്ലസ്റ്റർ കോർഡിനേറ്റർ സിലി ബി കൃഷ്ണ, ജില്ലാ കോർഡിനേറ്റർമാരായ 
എം കെ ഫൈസൽ, എസ് ശ്രീജിത്ത്, റഫീഖ് കെ എൻ, ശ്രീജിത്ത് പി, ഷാജി കെ, വളണ്ടിയർമാർ എന്നിവർ സ്റ്റാളിൽ സജീവമാണ്.

Post a Comment

Previous Post Next Post