തിരുവമ്പാടി : പാലിയേറ്റീവ് കെയർ ദിനാചരണത്തിൻ്റെ ഭാഗമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ കിടപ്പ് രോഗികൾക്കായി ഉല്ലാസ യാത്ര സംഘടിപ്പിച്ചു.
രാവിലെ ഗ്രാമ പഞ്ചായത്ത് ഓഫീസിനു സമീപം വെച്ച് ഉല്ലാസയാത്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഫ്ലാഗ് ഓഫ് ചെയ്തു.
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പാലിയേറ്റിവ് കെയറിനു കീഴിലെ രോഗികളും കുടുംബങ്ങളും ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും ആശ വർക്കർമാരുമടങ്ങുന്ന സംഘമാണ് ഉല്ലാസ യാത്രയിൽ അണിനിരന്നത്.
കോഴിക്കോട് പ്ലാനിറ്റോറിയം, ബീച്ച്, തുറമുഖത്തെ ബോട്ട് യാത്ര, ബേപ്പൂർ തുറമുഖം എന്നിവിടങ്ങളിൽ രോഗികളും സംഘവും സന്ദർശനം നടത്തി.
വർഷങ്ങളായി വീടിന്റെ മുറികളിൽ തളച്ചിട്ട രോഗികൾക്ക് യാത്ര ഏറെ ആനന്ദകരമായി.
തൊന്നൂറ്റി രണ്ട് വയസ് പിന്നിട്ട മേനാട്ടിൽ ഉമ്മയ്യയും ഒൻപത് വർഷമായി പുറത്തിറങ്ങാതെ വീടിന്റെ അകത്തളത്തിൽ കഴിയുന്ന കൽപ്പള്ളി വേലായുധനും കുഞ്ഞ് നാളിലെ ശരീരം തളർത്തിയ മുപ്പത്തിയഞ്ച് വയസുള്ള കളത്തിപറമ്പിൽ നാസറും മറ്റു നിരവധി പാലിയേറ്റിവ് രോഗികൾക്കും യാത്ര പുതു പ്രതീക്ഷകൾ നൽകുന്നതായി അവർ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ ,ഡോ.ഫെസിന ഹസ്സൻ, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ മുഹമ്മദ് മുസ്തഫ കെ.എം ,ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ ,ഗ്രാമ പഞ്ചായത്തഗം ബീന ആറാംപുറത്ത്, ഷൗക്കത്തലി . പാലിയേറ്റിവ് നഴ്സ് ലിസി ടി.എ ,എഫ്.എച്ച്.സി ജീവനക്കാരായ ലിംന ഇ.കെ, മുഹമ്മദ് ഷമീർ പി., ശ്രീജിത്ത് കെ.ബി ,ശോഭന സി.ടി, സുഭദ്ര, വളണ്ടിയർമാരായ അഷ്റഫ് വാപ്പാട്ട്, ജിൻസ് കൈതമറ്റത്തിൽ എന്നിവർ വിനോദയാത്രക്ക് നേതൃത്വം നൽകി.
Post a Comment