ജല ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ഓമശ്ശേരിയിൽ സംഘടിപ്പിച്ച പഞ്ചായത്ത്തല വാട്ടർ ഓഡിറ്റും ബജറ്റ്‌ പരിശീലനവും വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്യുന്നു.

ഓമശ്ശേരി:പഞ്ചായത്തിൽ നടപ്പിലാക്കുന്ന ജല ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ഓമശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത്‌തല വാട്ടർ ഓഡിറ്റും ബജറ്റ്‌ പരിശീലനവും സംഘടിപ്പിച്ചു.പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ മുഖ്യ പ്രഭാഷണം നടത്തി.ജല ജീവൻ മിഷൻ പഞ്ചായത്ത്‌ ടീം ലീഡർ ജ്യോതിസ്‌ ജോസ്‌ സ്വാഗതം പറഞ്ഞു.

പഞ്ചായത്തംഗങ്ങളായ എം.ഷീജ ബാബു,കെ.കരുണാകരൻ മാസ്റ്റർ,പി.കെ.ഗംഗാധരൻ,സി.എ.ആയിഷ ടീച്ചർ,മൂസ നെടിയേടത്ത്‌,പി.ഇബ്രാഹീം ഹാജി,കെ.ആനന്ദകൃഷ്ണൻ,പങ്കജവല്ലി,എം.ഷീല,ജല ജീവൻ മിഷൻ സഹായ സംഘടന പ്രതിനിധികളായ ആൽബിൻ,ഷാദിയ,ആഷിക എന്നിവർ സംസാരിച്ചു.ബിജു നെന്മേനി പരിശീലനത്തിന്‌ നേതൃത്വം നൽകി.ജന പ്രതിനിധികൾക്ക്‌ പുറമെ പഞ്ചായത്തിലെ വിവിധ വാർഡുകളിലുള്ള കുടിവെള്ള പദ്ധതികളുടെ കൺവീനർമാരും,കമ്മറ്റി അംഗങ്ങളും പരിശീലനത്തിൽ പങ്കെടുത്തു.ജലത്തിന്റെ ഉപയോഗം കുറക്കുന്നതിനെക്കുറിച്ചും ജലം നല്ലരീതിയിൽ വിനിയോഗിക്കുന്നത്‌ സംബന്ധിച്ചും പരിശീലന പരിപാടിയിൽ വിശദീകരിച്ചു.

ജല ജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ ഓമശ്ശേരി പഞ്ചായത്തിൽ പുരോഗമിക്കുകയാണ്‌.കേന്ദ്ര-കേരള സർക്കാറുകളുടേയും ഗ്രാമപഞ്ചായത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ ആവശ്യക്കാർക്ക്‌ മുഴുവൻ ശുദ്ധജലം പൈപ്പ്‌ ലൈൻ വഴി വീട്ടുപടിക്കലെത്തിക്കുന്ന ബൃഹത്തായ പദ്ധതിയാണ്‌ ജല ജീവൻ മിഷൻ.നിലവിൽ കുടിവെള്ള പദ്ധതികളിൽ അംഗത്വമുള്ളവർ ഉൾപ്പടെ ഓമശ്ശേരി പഞ്ചായത്തിൽ പതിനായിരം കണക്ഷനുകളാണ്‌ ലക്ഷ്യമിടുന്നത്‌.കേന്ദ്ര-സംസ്ഥാന-പഞ്ചായത്ത്‌ ഭരണകൂടങ്ങളുടെ 90 ശതമാനം സബ്സിഡിയോടുകൂടിയാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌.ജല ജീവൻ മിഷൻ പദ്ധതി വഴി മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കും എ പി എൽ-ബി പി എൽ വ്യത്യാസമില്ലാതെ ഗുണഭോക്തൃവിഹിതം അടച്ച്‌ കണക്ഷൻ എടുക്കാവുന്നതാണ്.

കേന്ദ്രസർക്കാർ 50 ശതമാനം വിഹിതവും സംസ്ഥാന സർക്കാർ 25 ശതമാനം വിഹിതവും ഗ്രാമപഞ്ചായത്ത് 15 ശതമാനം വിഹിതവുമുൾപ്പടെ 90 ശതമാനം ഗവൺമെൻറ് സബ്സിഡിയും 10 ശതമാനം ഗുണഭോക്തൃ വിഹിതവുമായാണ്‌ നിശ്ചയിച്ചത്‌‌.മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കുമുള്ള പദ്ധതിയായതിനാൽ അപേക്ഷിക്കുന്ന എല്ലാവർക്കും മുൻഗണനാ ക്രമമനുസരിച്ച് വാട്ടർ കണക്ഷൻ ലഭിക്കും.ഈ പദ്ധതിയുടെ ഉടമസ്ഥതയും ഉത്തരവാദിത്വവും ഗ്രാമപഞ്ചായത്തിനും ഗുണഭോക്തൃ സമിതികൾക്കുമായിരിക്കും.പദ്ധതിയുടെ നോഡൽ ഏജൻസി കേരള വാട്ടർ അതോറിറ്റിയാണ്‌.ഓമശ്ശേരിയിലെ നിർവ്വഹണ സഹായ ഏജൻസിയായി പ്രവർത്തിക്കുന്നത്‌ സി.ഒ.ഡി.താമരശ്ശേരിയാണ്‌.ചാലിയാറിൽ നിന്നെടുക്കുന്ന ജലം കൂളിമാട്‌ സ്ഥാപിക്കുന്ന പ്ലാന്റിൽ നിന്നും ശുദ്ധീകരിച്ച്‌ ആദ്യമെത്തുക ചാത്തമംഗലം താന്നിക്കോട്‌ മലയിൽ നിർമ്മിക്കുന്ന ടാങ്കിലേക്കാണ്‌.ഓമശ്ശേരി ഉൾപ്പടെ 9 പഞ്ചായത്തുകളിലേക്കും രണ്ട്‌ മുനിസിപ്പാലിറ്റിയിലേക്കും ആവശ്യമായ ജലമാണ്‌ ഇവിടെയെത്തുക.തുടർന്ന് അതത്‌ പഞ്ചായത്തുകളിൽ സ്ഥാപിക്കുന്ന ടാങ്കുകളിലേക്ക്‌ സപ്ലൈ ചെയ്യും.ഓമശ്ശേരി പഞ്ചായത്തിലെ ടാങ്ക്‌ നിർമ്മിക്കാനുദ്ദേശിക്കുന്നത്‌ പതിനെട്ടാം വാർഡിലെ വെളിമണ്ണ ഏലിയാമ്പറ മലയിലാണ്‌.

 

Post a Comment

Previous Post Next Post