ഓമശ്ശേരി:'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി ഓമശ്ശേരിയിൽ പഞ്ചായത്ത് ഭരണസമിതി കൃഷിഭവൻ മുഖേന വനിതകൾക്ക് 4230 നിറച്ച എച്ച്.ഡി.പി.ഇ.(ഹൈ ഡെൻസിറ്റി പോളി എഥിലീൻ) ചട്ടികളും പച്ചക്കറിത്തൈകളും വിതരണം ചെയ്തു.19 വാർഡുകളിൽ നിന്ന് അപേക്ഷ സമർപ്പിച്ച 282 കുടുംബങ്ങൾക്കാണ് വളവും മണ്ണും നിറച്ച എച്ച്.ഡി.പി.ഇ.ചട്ടികൾ പച്ചക്കറിത്തൈകളുൾപ്പടെ നൽകിയത്.2022-23 വാർഷിക പ്രോജക്റ്റിൽ വനിതാ ഘടക വിഭാഗത്തിൽ 8,46,000(എട്ടു ലക്ഷത്തി നാൽപത്തി ആറായിരം)രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.25 ശതമാനം ഗുണഭോക്തൃ വിഹിതം ഈടാക്കി 75 ശതമാനം സബ്സിഡിയോടെയാണ് ഒരു കുടുംബത്തിന് 15 വീതം നിറച്ച ചട്ടികളും തൈകളും നൽകിയത്.ആകെ മുവ്വായിരം രൂപ വിലമതിക്കുന്ന ചട്ടികളും തൈകളും 750 രൂപ ഗുണഭോക്തൃ വിഹിതം സ്വീകരിച്ചാണ് വനിതാ കർഷകർക്ക് വിതരണം ചെയ്തത്.വെണ്ട,വഴുതന,തക്കാളി,മുളക്,പയർ എന്നിവയുടെ ഗുണമേന്മയുള്ള പച്ചക്കറിത്തൈകളാണ് ചട്ടികൾക്കൊപ്പം നൽകിയത്.
ഓമശ്ശേരി ആറാം വാർഡിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ പഞ്ചായത്ത്തല വിതരണോൽഘാടനം നിർവ്വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ പി.പി.രാജി പദ്ധതി വിശദീകരിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,പഞ്ചായത്തംഗം സി.എ.ആയിഷ ടീച്ചർ,യു.കെ.ഹുസൈൻ,കൃഷി അസിസ്റ്റന്റ് കെ.എസ്.നളിനി എന്നിവർ സംസാരിച്ചു.

Post a Comment