കോഴിക്കോട്: പാഠ്യേതര വിഷയത്തിൽ മികവു തെളിയിച്ച എസ്എസ്എൽസി , ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്നതിനുള്ള പരിഷ്കരിച്ച ഉത്തരവിൽ കായികതാരങ്ങളെ അവഗണിച്ചതിൽ വ്യാപക പ്രതിഷേധം. ദേശീയ സംസ്ഥാന താരങ്ങൾ ജില്ലാ വിദ്യാഭ്യാസ ഓഫിസിനു മുന്നിൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് കത്തിച്ചാണ് പ്രതിഷേധിച്ചത്. കോൺഗ്രസിന്റെ കായിക വിഭാഗമായ കെപിസിസി ദേശീയ കായിക വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. കലാമത്സരങ്ങളടക്കമുള്ള മേഖലകളിലെ വിജയികൾക്ക് എസ്എസ്എൽസി , പ്ലസ്ടു പരീക്ഷകളിൽ ഉയർന്ന ഗ്രേസ്മാർക്ക് നൽകുമ്പോൾ സ്കൂൾ കായികമേള വിജയികൾക്കു താരതമ്യേന കുറഞ്ഞ മാർക്കാണ് നൽകുന്നതെന്നാണ് ആരോപണം.

കലോത്സവവും പ്രവൃത്തിപരിചയ മേളയുമുൾപ്പെടെ എല്ലാ മേഖലകളിലും വിവിധ ഗ്രേഡ്കാർക്കും സ്ഥാനക്കാർക്കും 10 മുതൽ 20 വരെ മാർക്ക് കിട്ടും. എന്നാൽ കായിക മത്സരങ്ങളിലെ ആദ്യത്തെ 4 സ്ഥാനക്കാർക്കും ഒരേ പോലെ 7 മാർക്ക് വീതം മാത്രമാണ് നൽകുന്നത്. മുൻകാലങ്ങളിൽ ദേശീയ സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്നവർക്കും സംസ്ഥാന മേളയിൽ 8 വരെ സ്ഥാനത്ത് എത്തുന്നവർക്കും അനുവദിച്ചിരുന്ന ഗ്രേസ് മാർക്ക് ഇത്തവണ പൂർണമായും എടുത്തു കളഞ്ഞു.

ദേശീയ ചാംപ്യൻഷിപ്പുകളിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്കു നൽകുന്ന ഗ്രേസ് മാർക്ക് സംബന്ധിച്ചും ഉത്തരവിൽ പറഞ്ഞിട്ടില്ല. മുൻപു സംസ്ഥാന ചാംപ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയവർക്ക് 30 മാർക്ക് നൽകിയിരുന്നത് നിലവിൽ രാജ്യാന്തര മത്സരത്തിൽ പങ്കെടുക്കുന്നവർക്കായി നിജപ്പെടുത്തി. കെപിസിസി ജനറൽ സെക്രട്ടറി പി.എം.നിയാസ് സമരം ഉദ്ഘാടനം ചെയ്തു. കെപിസിസി ദേശീയ കായിക വേദി ജില്ലാ പ്രസിഡന്റ് റിയാസ് അടിവാരം അധ്യക്ഷനായിരുന്നു. ടി.കെ.സിറാജുദ്ദീൻ, കെ.പി. മുഹമ്മദ് ഫാരിസ്, പവൻ പി.രാജ്, എം.മുഹമ്മദ് ആഷിഖ്, പി.മുഹമ്മദ് റാഷിദ്, വി.മുഹമ്മദ് ബസാം, കെ.മുഹമ്മദ് ഖൽസാൻ, വി.അഭയ്നാഥ് എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ: കായികതാരങ്ങളുടെ ഗ്രേസ് മാർക്ക് അട്ടിമറിക്കുന്നതിനെതിരെ കെപിസിസി ദേശീയ കായിക വേദി കോഴിക്കോട് ഡിഡിഇ ഓഫിസിനു മുൻപിൽ നടത്തിയ പ്രതിഷേധത്തിൽ കായികതാരങ്ങൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് കത്തിക്കുന്നു.

Post a Comment

Previous Post Next Post