വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിനെ ഹരിത വിദ്യാലയമായി ജില്ലാ കലക്ടർ എൻ തേജ് ലോഹിത് റെഡ്ഡി IAS പ്രഖ്യാപിക്കുന്ന ഫയൽ ചിത്രം.
തിരുവമ്പാടി:
താമരശ്ശേരി രൂപതയിലെ വിദ്യാലയ വ്യക്തിത്വ വികസന ക്ലബുകളിൽ ഏറ്റവും മികച്ചതായി വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.
താമരശ്ശേരി രൂപത കെ സി ബി സി മദ്യവിരുദ്ധ സമിതിയാണ് വ്യക്തിത്വ വികസന ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
എല്ലാവർഷവും മികച്ച സ്കൂൾ ക്ലബുകളെ കണ്ടെത്തി ആദരിക്കാറുണ്ട്.
വിദ്യാർഥികളുടെ വ്യക്തിത്വ വികസനത്തിനുതകുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കിയാണ് വേനപ്പാറ യുപി സ്കൂൾ ഈ വർഷത്തെ മികച്ച വ്യക്തിത്വ വികസന ക്ലബിനുള്ള അംഗീകാരം നേടിയെടുത്തത്.
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് ഓമശ്ശേരി ടൗണിൽ ലഹരി വിരുദ്ധ റാലിയും ഫ്ലാഷ്മോബും തെരുവുനാടകവും വേനപ്പാറ അങ്ങാടിയിൽ കുട്ടിച്ചങ്ങലയും സംഘടിപ്പിച്ചിരുന്നു.
എല്ലാ കുട്ടികളുടെയും സൃഷ്ടികൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ലഹരി വിരുദ്ധ പതിപ്പും വാർത്താ ആൽബവും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസുകളും ക്യാമ്പുകളും ജൈവ കൃഷിയും വയോജനദിനാചരണവും ഷോർട്ട് ഫിലിം നിർമാണവും പാലിയേറ്റീവ് ദിനാചരണ പ്രവർത്തനങ്ങളും കോളനി നിവാസികൾക്കൊപ്പമുള്ള ക്രിസ്മസ് ആഘോഷവും ഓമശ്ശേരിയിൽ നടത്തിയ മതസൗഹാർദ്ദ റാലിയും ഐ എ എസ്കാരുൾപ്പെടെയുള്ള പ്രമുഖരെ പങ്കെടുപ്പിച്ച് നടത്തിയ വിവിധ പരിപാടികളുമെല്ലാം വിദ്യാലയത്തിന്റെ വ്യക്തിത്വ വികസന ക്ലബിന്റെ നേതൃത്വത്തിൽ നടന്ന മികവു പ്രവർത്തനങ്ങളാണ്.
വിദ്യാർഥികളുടെ അച്ചടക്ക പെരുമാറ്റ ശീലങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് , ട്രാഫിക് ക്ലബ് എന്നിവയുടെ പുതിയ യൂണിറ്റ് രൂപീകരിച്ച് പ്രവർത്തിക്കാനും വിദ്യാലയത്തിന് സാധിച്ചു.
പാഠ്യ-പാഠ്യേതരമേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിന് കിട്ടിയ മറ്റൊരു വലിയ അംഗീകാരമാണിത്.
Post a Comment