ഓമശ്ശേരി: 'ഹരിതം,സുന്ദരം,ഓമശ്ശേരി' മാലിന്യ സംസ്കരണ പദ്ധതിയുടെ സമ്പൂർണ്ണ വിജയത്തിനായി അക്ഷീണം പ്രവർത്തിക്കുന്ന ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഓമശ്ശേരി പഞ്ചായത്ത് ഭരണസമിതി സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു.2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് പഞ്ചായത്തിലെ 26 ഹരിത കർമ്മ സേനാംഗങ്ങൾക്ക് സുരക്ഷാ ഉപകരണങ്ങൾ കൈമാറിയത്.
ഓമശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ വിതരണോൽഘാടനം നിർവ്വഹിച്ചു.വൈസ് പ്രസിഡണ്ട് ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര സ്വാഗതം പറഞ്ഞു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി മുഖ്യപ്രഭാഷണം നടത്തി.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ,പഞ്ചായത്തംഗങ്ങളായ എം.ഷീജ ബാബു,കെ.കരുണാകരൻ മാസ്റ്റർ,എം.എം.രാധാമണി ടീച്ചർ,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,പി.ഇബ്രാഹീം ഹാജി,സീനത്ത് തട്ടാഞ്ചേരി,പങ്കജവല്ലി,ഡി.ഉഷാദേവി ടീച്ചർ,പഞ്ചായത്ത് സെക്രട്ടറി ദീപുരാജു,നിർവ്വഹണ ഉദ്യോഗസ്ഥൻ കെ.മുഹമ്മദ് ഹാഫിസ്(വി.ഇ.ഒ),ടി.വി.സ്വീറ്റി(ഹരിത കർമ്മ സേന) എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ 18 മാസത്തിനുള്ളിൽ വീടുകളിൽ നിന്നും വ്യാപാര-സേവന സ്ഥാപനങ്ങളിൽ നിന്നും ഹരിത കർമ്മ സേന മുഖേന ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിച്ചത് പത്ത് ലക്ഷം കിലോയിലധികം ഖരമാലിന്യമാണ്.ഓമശ്ശേരി ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്തമാക്കുന്നതിനായി ഗ്രാമപഞ്ചായത്ത് 2021 ൽ ആരംഭിച്ചതാണ്'ഹരിതം,സുന്ദരം,ഓമശ്ശേരി'മാലിന്യ സംസ്കരണ പദ്ധതി.പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ വീടുകളിലും വ്യാപാര-സേവന സ്ഥാപനങ്ങളിലും യൂസേഴ്സ് ഫീ ഈടാക്കി ഹരിതകർമ്മ സേനയുടെ സേവനം പഞ്ചായത്ത് ലഭ്യമാക്കുന്നുണ്ട്.കോഴിക്കോട് ആസ്ഥാനമായുള്ള ഗ്രീൻ വേംസ് വേസ്റ്റ് മാനേജ്മന്റ് കമ്പനിയുമായി സഹകരിച്ചാണ് ഓമശ്ശേരിയിൽ അജൈവ മാലിന്യ സംസ്കരണ പദ്ധതി നടപ്പിലാക്കുന്നത്.ഖരമാലിന്യങ്ങൾ ഗ്രീൻ വേംസ് കമ്പനിയുടെ സംസ്കരണ കേന്ദ്രത്തിൽ വെച്ച് തരം തിരിക്കുകയും വിവിധ ഉപയോഗങ്ങൾക്കായി മാറ്റുകയും ചെയ്യുന്നു.
ഫോട്ടോ:ഒമശ്ശേരിയിൽ ഹരിത കർമ്മ സേനക്കുള്ള സുരക്ഷാ ഉപകരണങ്ങളുടെ വിതരണോൽഘാടനം ടി.വി.സ്വീറ്റിക്ക് നൽകി പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ നിർവ്വഹിക്കുന്നു.
Post a Comment