സ്കൂളിലേക്ക് ക്ഷണിക്കാനെത്തിയ വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യാപകരായ ജിജോ തോമസ്, സിന്ധു സഖറിയ, സി കെ ബിജില എന്നിവരോടൊപ്പം ആഗ്നയാമി.

തിരുവമ്പാടി :വർണപ്പട്ടം എന്ന കവിതാ സമാഹാരം രചിച്ച് പ്രശസ്തയായ അഞ്ചു വയസുകാരി ആഗ്നയാമി വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർന്നു.
അഞ്ചു വയസിനുള്ളിൽ 30 കവിതകളടങ്ങിയ പുസ്തകം രചിച്ച ആഗ്നയാമി തന്നെയാണ് പുസ്തകത്തിന്റെ കവർ ചിത്രവും ഓരോ കവിതകൾക്കുമുള്ള ചിത്രവർണനയും നിർവഹിച്ചത്.
കാറ്റില്ലെങ്കിൽ ഉറങ്ങുന്ന പട്ടവും മുറ്റത്ത് വീണാൽ കരിയിലകളാവുന്ന ഇലകളും മേഘത്തിനുള്ളിൽ ഒളിക്കുന്ന മഴവില്ലുമെല്ലാം അഞ്ചു വയസുകാരിയുടെ കുഞ്ഞു മനസിലെ വലിയ ചിന്തകളാണ്.
ഓമശ്ശേരി സ്വദേശികളായ മാധ്യമ പ്രവർത്തകർ അജയ് ശ്രീശാന്തിന്റെയും ശ്രുതി സുബ്രഹ്മണ്യന്റെയും മകളാണ് ആഗ്നയാമി.



തന്റെ കൺമുമ്പിൽ കാണുന്നതെല്ലാം പാട്ടിന്റെ രൂപത്തിലാക്കി പാടുന്നത് ശ്രദ്ധയിൽപ്പെട്ട അമ്മ ശ്രുതിയാണ് മോളുടെ കഴിവ് ആദ്യം തിരിച്ചറിഞ്ഞത്.
വളരെ ചെറുപ്പത്തിൽ തന്നെ പാട്ടും വരയും നൃത്തവുമെല്ലാം ആഗ്നയുടെ കൂട്ടുകാരാണ്.
പേരക്ക ബുക്സ് പ്രസിദ്ധീകരിച്ച
വർണ്ണപ്പട്ടം എന്ന പുസ്തകത്തിന്റെ പ്രകാശനകർമം മാർച്ച് ആദ്യവാരം മന്ത്രി അഹമ്മദ് ദേവർ കോവിൽ , സാഹിത്യകാരൻ യു കെ കുമാരന് പുസ്തകം നൽകി നിർവഹിച്ചിരുന്നു.

പൊതു വിദ്യാലയ ശാക്തീകരണത്തിനായി നടക്കുന്ന അവധിക്കാല ക്യാമ്പയിനുകളുടെ ഭാഗമായി വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ അധ്യാപകർ ആഗ്നയാമിയുടെ വീട് സന്ദർശിച്ച് സ്കൂളിലേക്ക് ക്ഷണിച്ചിരുന്നു. തുടർന്നാണ് ആഗ്നയെ മാതാപിതാക്കൾ വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ ചേർത്തത്.

Post a Comment

Previous Post Next Post