റിയാദ്​: നാട്ടിലേക്ക്​ പോകാനായി റിയാദ്​ വിമാനത്താവളത്തിലെത്തി വിമാനത്തിൽ കയറിയിരിക്കു​ ബോൾ ഹൃദയാഘാതമുണ്ടായി മലയാളി മരിച്ചു.
റിയാദ്​ കിങ്​ ഖാലിദ്​ വിമാനത്താവളത്തിൽ വെള്ളിയാഴ്​ച രാവിലെ 11.30-ഓടെ എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനത്തിൽ കണ്ണൂർ മലപ്പട്ടം സ്വദേശി മരിയാക്കണ്ടി മുഹമ്മദ്​ (54) ആണ്​ മരിച്ചത്​.

ബോർഡിങ്​ പാസെടുത്തും മറ്റ്​ നടപടിക്രമങ്ങൾ പൂർത്തിയാക്കിയും വിമാനത്തിൽ കയറി പറന്നുയരുന്നതും കാത്തിരിക്കു​മ്പോൾ പെ​ട്ടെന്ന്​ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
ഉടൻ വിമാനത്താവളത്തിലെ ഡോക്​ടർമാരെത്തി പരിശോധിച്ചു. പ്രാഥമികശുശ്രൂഷക്ക്​ ശേഷം തൊട്ടടുത്തുള്ള കിങ്​ അബ്​ദുല്ല ആശുപത്രിയിൽ എത്തിച്ചു.
എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചതായി അവിടെ വെച്ച്​ സ്ഥിരീകരിച്ചു​.

35 വർഷമായി പ്രവാസിയായ അദ്ദേഹം റിയാദിൽനിന്ന്​ 200 കിലോമീറ്ററകലെ മജ്​മഅ പട്ടണത്തിൽ ലഘുഭക്ഷണ ശാല (ബൂഫിയ) നടത്തുകയായിരുന്നു. മൂന്നാഴ്​ച മുമ്പ്​ നെഞ്ചുവേദനയുണ്ടാവുകയും​ റിയാദിലെ ആശുപത്രിയി​ൽ ആൻ‌ജിയോപ്ലാസ്റ്റിക്ക്​​ വിധേയനാവുകയും ചെയ്​തിരുന്നു. വിദഗ്​ധ ചികിത്സ തേടുക എന്ന ലക്ഷ്യത്തോടെ അവധിയെടുത്ത്​ നാട്ടിലേക്ക്​ പോകാനാണ്​ രാവിലെ റിയാദ്​ വിമാനത്താവളത്തിലെത്തിയത്​.

11.40-ന്​ പുറപ്പെടേണ്ട എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനം 45 മിനു​ട്ടോളം വൈകിയിരുന്നു. അതിനിടയിലാണ്​ മുഹമ്മദിന്​​​ ശാരീരികാസ്വാസ്ഥ്യമുണ്ടാകുന്നത്​.

​തുടർന്ന്​ വൈദ്യ സംഘമെത്തി ആശുപത്രിയിലേക്ക്​ കൊണ്ടുപോയെന്ന് ഉറപ്പാക്കിയ ശേഷം അൽപം വൈകിയാണ്​ വിമാനം പുറപ്പെട്ടത്​.

കിങ്​ അബ്​ദുല്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിയമനടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ കെ.എം.സി.സി ജീവകാരുണ്യ പ്രവർത്തകൻ മെഹബൂബ്​ ചെറിയവളപ്പ്​ രംഗത്തുണ്ട്​.

11 മാസം മുമ്പാണ്​ മുഹമ്മദ്​ അവസാനമായി നാട്ടിൽ പോയി വന്നത്​.

ഭാര്യമാർ: നസീമ, നസീബ.
മക്കൾ: നസീഹത്ത്​, മുഹമ്മദ്​ റാഹിദ്​, സഹദ്​ (വിദ്യാർഥി).

സഹോദരങ്ങൾ: ജബ്ബാർ, ഹസൈനാർ, ആമിന, നബീസ, ഖദീജ, കുഞ്ഞാതു, ഹൈറുന്നിസ, മറിയം. അടുത്ത ​ബന്ധു ജംഷീർ മജ്​മഅയിലുണ്ട്​.

Post a Comment

Previous Post Next Post