ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഹേമന്ദ് പ്രച്ഛകിന്റെ ബെഞ്ചിന് മുന്നിലാണ് ഹര്‍ജി. ജസ്റ്റിസ് ഗീതാ ഗോപിനാഥായിരുന്നു കേസ് പരിഗണിക്കേണ്ടിയിരുന്നത്. 
കേസ് പരിഗണിക്കാന്‍ കഴിയില്ലെന്ന് രജിസ്ട്രാന്‍ വഴി ചീഫ് ജസ്റ്റിസിനെ അറിയിച്ച് ജസ്റ്റിസ് പിന്മാറുകയായിരുന്നു.2019 ല്‍ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കോലാറില്‍ പ്രസംഗിക്കുന്നതിനിടെ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്നാണ് കേസ്. സൂറത്ത് കോടതിയുടെ ശിക്ഷാവിധി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന തന്റെ ആവശ്യം നിരസിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. 'മോദി' സമുദായത്തെ അപകീര്‍ത്തിപ്പെടുത്തി എന്ന് ആരോപിച്ച് സൂറത്ത് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. തടവ് ശിക്ഷയ്ക്ക് ശേഷം കഴിഞ്ഞ മാസം അദ്ദേഹത്തെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുകയും ചെയ്തു. ശിക്ഷാവിധി സസ്‌പെന്‍ഡ് ചെയ്താല്‍ മാത്രമേ ഒരാള്‍ക്ക് എംപിയായി തുടരാനാകൂ എന്നതാണ് നിയമം. 'മോദി' സമുദായത്തെ അപകീര്‍ത്തിപ്പെടുത്തി എന്ന ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയുടെ പരാതിയിലായിരുന്നു നടപടി. ശിക്ഷ വിധിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധിക്ക് തന്റെ ഔദ്യോഗിക വസതി ഒഴിയേണ്ടിയും വന്നിരുന്നു.

Post a Comment

Previous Post Next Post