കൽപറ്റ: പരിസ്ഥിതി തകർച്ചക്ക് ആക്കം കൂട്ടുന്ന കള്ളാടി-ആനക്കാംപൊയിൽ തുരങ്ക പാത പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി എം.ജി.ടി ഹാളിൽ സംഘടിപ്പിച്ച ജനകീയ ചർച്ചയിൽ ആവശ്യം ഉയർന്നു. പശ്ചിമഘട്ടത്തിന് നികത്താനാകാത്ത ബലക്ഷയം സൃഷ്ടിക്കുകയും വൻ ദുരന്തങ്ങൾക്ക് കാരണമാകുകയും ചെയ്യുന്ന പദ്ധതിയുമായി നിഗൂഢമായാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് ചർച്ചയിൽ പങ്കെടുത്തവരിൽ പലരും ചൂണ്ടിക്കാട്ടി.
തിരുവമ്പാടി എം.എൽ.എ ആയിരുന്ന ജോർജ് എം. തോമസിന്റെ നിവേദനം മാത്രമാണ് തുരങ്ക പാത പദ്ധതിക്ക് ആധാരം.
വിദഗ്ധ പഠന റിപ്പോർട്ടുകൾ ഇല്ലാതെയും നിയമസഭയിൽ ചർച്ചചെയ്യാതെയുമാണ് 2016ൽ 20 കോടി രൂപ സർക്കാർ പദ്ധതിക്കായി വകയിരുത്തിയത്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം, ദേശീയ ദുരന്ത നിവാരണ അഥോറിറ്റി എന്നിവയുടെ അനുമതി ലഭിക്കുംമുമ്പേ പി.ഡബ്ല്യു.ഡി, കിഫ്ബി, കൊങ്കൺ റെയിൽവേ കോർപറേഷൻ എന്നിവയുമായി ഉടമ്പടിയിലേർപ്പെട്ടത് ദുരൂഹമാണ്. ആവശ്യമായ വനഭൂമി കേന്ദ്ര മന്ത്രാലയം വർഷങ്ങൾ മുമ്പ് വിട്ടുനൽകിയിട്ടും താമരശ്ശേരി ചുരം വികസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാതെ തുരങ്ക പാത പദ്ധതി സർക്കാർ ജനങ്ങളിൽ അടിച്ചേൽപ്പിക്കുകയാണെന്ന് ചർച്ചയിൽ പങ്കെടുത്തവർ കുറ്റപ്പെടുത്തി.
ഗ്രീൻ കേരള സംസ്ഥാന സെക്രട്ടറി ടി.വി. രാജൻ ഉദ്ഘാടനം ചെയ്തു. വർഗീസ് വട്ടേക്കാട്ടിൽ അധ്യക്ഷത വഹിച്ചു.
എൻ. ബാദുഷ, മാളു രാജ്കൃഷ്ണ, ശകുന്തള, കെ.വി. പ്രകാശ്, എ.എൻ. സലിംകുമാർ, പി.ജി. മോഹൻദാസ് തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment