സ്നേഹ, അഡോൺ, ജിസ്ന.


കൽപറ്റ പുഴമുടിക്കു സമീപം 3 പേരുടെ മരണത്തിനിടയാക്കിയ കാറപകടം


ഇരിട്ടി : കോളജിലെ ഏറ്റവും മികച്ച കുട്ടികളിൽ 3 പേരെ ഒന്നിച്ച് ദുരന്തം കവർന്നതിന്റെ ഞെട്ടലിലാണ് അങ്ങാടിക്കടവ് ഗ്രാമം. ഡോൺ ബോസ്കോ കോളജിൽ അവസാന വർഷ വിദ്യാർഥികളായ ജിസ്ന മേരി ജോസഫും അഡോൺ ബെസ്റ്റിയും സ്നേഹ ജോസഫും പഠനത്തിൽ മുൻപന്തിയിലുള്ളവരാണ്. അവസാന വർഷ വിദ്യാർഥികൾക്ക് കോളജ് ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ താരങ്ങൾ. ‘മോസ്റ്റ് ഇൻസ്പയറിങ് അവാർഡ് നേടിയ അഡോണും ‘അൺസങ് ഹീറോ’ അവാർഡ് നേടിയ ജിസ്നയും കോളജ് മാഗസിൻ എഡിറ്റോറിയൽ ബോർഡ് അംഗമായിരുന്ന സ്നേഹയും അധ്യാപകർക്കും കൂട്ടുകാർക്കും ഏറെ പ്രിയപ്പെട്ടവരായിരുന്നു.


3 പേരുടെ ജീവൻ പൊലിഞ്ഞ അപകടം, തൂണിലിടിച്ചശേഷം പത്തടിയോളം താഴ്ചയിലേക്ക് കാർ മറിഞ്ഞു; ഞെട്ടലിൽ നാട്
പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ഒരു പോലെ മികവ് പുലർത്തിയിരുന്ന ജിസ്നയും അഡോണും സ്നേഹയും പരുക്കേറ്റ സാൻജോയും ശക്തമായ സൗഹൃദവും കാത്തുസൂക്ഷിച്ചിരുന്നു. കുടുംബങ്ങൾ തമ്മിലും അടുപ്പമുണ്ടായിരുന്നതിനാൽ ഇവരിൽ രണ്ടു കുട്ടികളുടെ ഇളയ സഹോദരങ്ങളും യാത്രയിൽ ഒപ്പം ചേർന്നു. വെള്ളിയാഴ്ച വൈകിട്ടാണ് ആറംഗ സംഘം മലയാറ്റൂരിലേക്ക് ഒരുമിച്ചു പുറപ്പെട്ടത്. തിരികെ വയനാട് വഴി വരുന്നതിനിടെയാണ് കൽപറ്റ പടിഞ്ഞാറെത്തറ റോഡിൽ കാർ മറിഞ്ഞ് അപ്രതീക്ഷിത ദുരന്തം സംഭവിച്ചത്.പാലത്തിൻകടവിലെ ചെന്നേലിൽ അഡോൺ ബെസ്റ്റി ബിസിഎ അവസാന വർഷ വിദ്യാർഥിയായിരുന്നു. കോഴ്സിന്റെ ഭാഗമായ പ്രോജക്ട് വൈവ പരീക്ഷ മാത്രമാണ് ബാക്കിയുള്ളത്.

അങ്ങാടിക്കടവ് ഈന്തുംകരിയിലെ കോലാക്കൽ വീട്ടിൽ ജിസ്ന മേരി ജോസഫും വെള്ളരിക്കുണ്ട് പുത്തൻപുരയ്ക്കൽ സ്നേഹ ജോസഫും ബികോം ഫിനാൻസ് പരീക്ഷ പൂർത്തിയാക്കിയതാണ്.കോളജ് എല്ലാ കാര്യത്തിലും ആശ്രയിച്ചിരുന്ന ഏറ്റവും മികച്ച 3 വിദ്യാർഥികളായിരുന്ന ഇവരെന്നും ദുരന്തത്തിൽ അങ്ങേയറ്റം ദുഃഖമുണ്ടെന്നും ഡോൺ ബോസ്കോ കോളജ് പ്രിൻസിപ്പൽ ഫാ. ഡോ. ഫ്രാൻസിസ് കാരക്കാട്ട് പറഞ്ഞു. അവരവരുടെ നാടുകളിൽ വീട്ടുകാർക്കും കുടുംബക്കാർക്കും മാതൃകയായിരുന്ന ഇവർ കോളജിലെ എല്ലാവർക്കും പ്രിയപ്പെട്ടവർ ആയിരുന്നു. ദുരന്തം വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് കോളജിലെ മറ്റു കുട്ടികളും അങ്ങാടിക്കടവ്, ഈന്തുംകരി, പാലത്തിൻകടവ്, വെള്ളരിക്കുണ്ട് ഗ്രാമങ്ങളും.



കൽപറ്റ : മലയാറ്റൂർ സന്ദർശനം കഴിഞ്ഞു നാട്ടിലേക്കു മടങ്ങുകയായിരുന്നവർ സഞ്ചരിച്ച കാർ കൽപറ്റ-പടിഞ്ഞാറത്തറ റോഡിൽ പുഴമുടിക്കു സമീപം നിയന്ത്രണം വിട്ടു താഴ്ചയിലേക്കു മറി‍ഞ്ഞ് 3 വിദ്യാർഥികൾ മരിച്ചു.
3 പേർക്കു ഗുരുതര പരുക്ക്. കണ്ണൂർ ഇരിട്ടി സ്വദേശി അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളജിലെ മൂന്നാം വർഷ ബിസിഎ വിദ്യാർഥി പാലത്തുംകടവ് കച്ചേരിക്കടവ് ചെന്നേലിൽ അഡോൺ ബെസ്റ്റി (20), ബികോം മൂന്നാം വർഷ വിദ്യാർഥി ഇരിട്ടി അങ്ങാടിക്കടവ് കലറയ്ക്കൽ ജിസ്ന മേരി ജോസഫ് (20), ബികോം മൂന്നാം വർഷ വിദ്യാർഥി കാസർകോട് വെള്ളരിക്കുണ്ട് പുത്തൻപുരയ്ക്കൽ സ്നേഹ ജോസഫ്(20) എന്നിവരാണു മരിച്ചത്. 

ഇന്നലെ വൈകിട്ട് ആറോടെ പുഴമുടി ജംക്‌ഷനു സമീപത്തെ വളവിൽ റോഡരികിലെ വൈദ്യുതിത്തൂണിന് ഇടിച്ച കാർ റോഡിന്റെ മതിൽക്കെട്ടിനു 2 മീറ്ററോളം താഴേക്കു തലകീഴായി പതിക്കുകയായിരുന്നു. താഴ്ചയിലെ പ്ലാവിൽ കാർ വന്നിടിച്ച് പ്ലാവ് രണ്ടായി മുറിഞ്ഞു പോയി.  ബെസ്റ്റി-സിജി ദമ്പതികളുടെ മകനാണ്അഡോൺ. പരേതനായ ഔസേപ്പ്-മോളി ദമ്പതികളുടെ മകളാണ് ജിസ്ന. സഹോദരങ്ങൾ: ജിസ് (യുകെ),ജിസൻ. ജോസഫ്-സാലി ദമ്പതികളുടെ മകളാണ് സ്നേഹ. സഹോദരൻ: ജസ്റ്റിൻ (യു കെ)
 
കടപ്പാട് മനോരമ ന്യൂസ്

Post a Comment

Previous Post Next Post