തിരുവനന്തപുരം എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എസ്എസ്എൽസി (എച്ച്ഐ), ടിഎച്ച്എസ്എൽസി (എച്ച്ഐ) പരീക്ഷകളിൽ ഗ്രേസ് മാർക്കിന് അർഹത നേടിയ വിദ്യാർഥികളുടെ വിവരങ്ങൾ അതതു സ്കൂളുകളിൽ നിന്ന് പരീക്ഷാഭവന്റെ വെബ്സൈറ്റിലൂടെ ഓൺലൈനായി അപ്‍ലോഡ് ചെയ്യണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
ഇന്നു മുതൽ 28 വരെ ഇതിനുള്ള സൗകര്യം ഉണ്ടായിരിക്കും. എസ്എസ്എൽസി വിദ്യാർഥികളുടെ അപ്‍ലോഡ് ചെയ്ത വിവരങ്ങൾ അടങ്ങിയ പ്രിന്റൗട്ട് അതത് വിദ്യാഭ്യാസ ഉപഡയറക്ടർക്കും, പൊതു വിദ്യാഭ്യാസ ഡയറക്ടർക്കും, എൻസിസി ബറ്റാലിയൻ ഓഫിസർക്കും സ്കൂളുകളിൽ നിന്നു സമർപ്പിക്കണം. വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്ത വിവരങ്ങൾ അടങ്ങിയ സ്കൂളുകളിൽ നിന്നുള്ള പ്രിന്റൗട്ടും സർട്ടിഫിക്കറ്റിന്റെ പ്രഥമ അധ്യാപകർ സാക്ഷ്യപ്പെടുത്തിയ കോപ്പികളുമായി ഒത്തുനോക്കി പരിശോധിക്കണം.
വിദ്യാഭ്യാസ ഉപഡയറക്ടർമാരും സ്പോർട്സ് ആൻഡ് ഗെയിംസ്, സിഎസ്‍സി(ദേശീയ/സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ്)സതേൺ ഇന്ത്യ സയൻസ് ഫെയർ വിഭാഗങ്ങളിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറുമാണ് അന്തിമമായി ഗ്രേസ് മാർക്ക് അനുവദിക്കുന്നത്. സ്റ്റുഡന്റ് പൊലീസ് വിഭാഗത്തിൽ ഗ്രേസ് മാർക്കിന് അർഹരായവരുടെ വിവരങ്ങൾ അപ്‍ലോഡ് ചെയ്തതിനു ശേഷം പ്രിന്റൗട്ട് പ്രഥമ അധ്യാപകർ പരിശോധിച്ച് കൃത്യത ഉറപ്പു വരുത്തി ഒപ്പിടണം.
കൂടാതെ പൊലീസ് സ്റ്റുഡന്റ് ലെയ്സൺ ഓഫിസർ(എസ്എച്ച്ഒ), ഡിസ്ട്രിക്ട് നോഡൽ ഓഫിസർ എന്നിവരുടെ സാക്ഷ്യപ്പെടുത്തലുകളും വേണം. ഗ്രേസ് മാർക്കിന് അർഹതയില്ലാത്ത വിദ്യാർഥികളുടെ വിവരങ്ങൾ ഒരു കാരണവശാലും സ്കൂളുകളിൽ നിന്ന് ഓൺലൈനായി എന്റർ ചെയ്യാൻ പാടില്ല. ഇതു ലംഘിക്കുന്ന പ്രഥമ അധ്യാപകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
Post a Comment