ഓമശ്ശേരി: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിനു കീഴിൽ ത്രിദിന വർക്ക്‌ റെഡിനെസ് പ്രോഗ്രാമിന്‌ ഓമശ്ശേരിയിൽ തുടക്കമായി.എസ്‌.എസ്‌.എൽ.സിക്ക്‌ മുകളിൽ യോഗ്യതയുള്ള ഡിജിറ്റൽ വർക്ക്‌ ഫോഴ്സ്‌ മാനേജ്‌മന്റ്‌ സിസ്റ്റത്തിൽ (ഡി.ഡബ്ലിയു.എം.എസ്‌) രജിസ്റ്റർ ചെയ്ത പഞ്ചായത്തിലെ 19 വാർഡുകളിൽ നിന്നുള്ള 30 അഭ്യസ്ത വിദ്യരാണ്‌ മൂന്ന് ദിവസത്തെ പരിശീലനത്തിൽ പങ്കെടുക്കുന്നത്‌.ഓമശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ വെച്ചാണ്‌ പരിശീലന ക്യാമ്പ്‌.

കേരള ഗവൺമെന്റിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സംരംഭമായ അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമിലെ (എ.എസ്‌.എ.പി) പരിശീലകരാണ്‌ ക്ലാസുകൾക്ക്‌ നേതൃത്വം നൽകുന്നത്‌.വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും അവരുടെ തൊഴിൽക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള കഴിവുകൾ  പരിശീലിപ്പിക്കുന്ന സംവിധാനമാണ്‌ അസാപ്‌.

ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും അവരുടെ ചിന്തകൾ അഭിമുഖ പാനലിന് മുന്നിൽ ആത്മവിശ്വാസത്തോടെ പ്രകടിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന 15 മണിക്കൂർ നീണ്ടു നിൽക്കുന്ന മൊഡ്യൂളാണ് വർക്ക് റെഡിനെസ്‌ പ്രോഗ്രാമിൽ പരിശീലിപ്പിക്കുന്നത്‌.ഇന്റർവ്യൂ മര്യാദകൾ,ബയോഡാറ്റ തയ്യാറാക്കൽ,അവതരണ കഴിവുകൾ,ഗ്രൂപ്പ് ചർച്ചകൾ,ജോലിയുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾ,സോഫ്റ്റ് സ്കിൽസ് തുടങ്ങിയവ മൊഡ്യൂളിൽ ഉൾപ്പെടുന്നു.

ത്രിദിന പരിശീലന പരിപാടി ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം പി.ഇബ്രാഹീം ഹാജി പ്രസംഗിച്ചു.വൈശാഖ്‌ കല്ലാച്ചി(അസാപ്‌) ക്ലാസെടുത്തു.സി.ഡി.എസ്‌.ചെയർപേഴ്സൺ സുഹറാബി നെച്ചൂളി സ്വാഗതവും കമ്മ്യൂണിറ്റി അമ്പാസിഡർ ഫാത്വിമ സുഹറ ശമീർ ചേറ്റൂർ നന്ദിയും പറഞ്ഞു.ക്യാമ്പ്‌ ബുധനാഴ്ച്ച സമാപിക്കും.

ഫോട്ടോ:ഓമശ്ശേരിയിൽ ത്രിദിന വർക്ക്‌ റെഡിനെസ്‌ പ്രോഗ്രാം കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post