ഓമശ്ശേരി: 'ഹരിതം,സുന്ദരം,ഓമശ്ശേരി'പദ്ധതിയുടെ ഭാഗമായി മാലിന്യ മുക്ത നാടിന് വീടുകളിൽ ശാസ്ത്രീയമായി ജൈവ മാലിന്യം സംസ്കരിക്കുന്നതിനായി 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഓമശ്ശേരി പഞ്ചായത്തിൽ 699 കുടുംബങ്ങൾക്ക് ബൊക്കാഷി ബക്കറ്റുകൾ വിതരണം ചെയ്തു.കൊളത്തക്കരയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ.അബ്ദുല്ലക്കുട്ടിക്ക് ബൊക്കാഷി ബക്കറ്റുകൾ നൽകി പഞ്ചായത്ത്‌തല ഉൽഘാടനം നിർവ്വഹിച്ചു.വൈസ് പ്രസിഡണ്ട് ഫാത്വിമ അബു,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ യൂനുസ് അമ്പലക്കണ്ടി,സൈനുദ്ദീൻ കൊളത്തക്കര,ഒ.പി.സുഹറ,നിർവ്വഹണ ഉദ്യോഗസ്ഥൻ കെ.മുഹമ്മദ് ഹാഫിസ്(വി.ഇ.ഒ)എന്നിവർ സംസാരിച്ചു.ബയോഡ്രോപ്സ് മാർക്കറ്റിംഗ് മാനേജർ ഇ.പി.ദിലീപ് കുമാർ ക്ലാസ്സെടുത്തു.
2840 രൂപ വില വരുന്ന,ഗാർഹിക മാലിന്യ സംസ്കരണത്തിനുള്ള നൂതന സംവിധാനമായ ബൊക്കാഷി ബക്കറ്റുകൾ ആകെ വിലയുടെ പത്ത് ശതമാനമായ 284 രൂപ വീതം മാത്രം ഗുണഭോക്തൃ വിഹിതം ഈടാക്കിയാണ് നൽകിയത്.2022-23 വാർഷിക പദ്ധതിയിലെ 20 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.വാർഡുകളിൽ നിന്നും ലഭിച്ച അപേക്ഷകളിൽ നിന്നാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്.രണ്ട് ബക്കറ്റുകളും ബൊക്കാഷി പൗഡറും അനുബന്ധ സാധനങ്ങളുമടങ്ങിയ കിറ്റാണ് ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തത്.
അത്യാധുനിക ജാപ്പനീസ് ടെക്നോളജിയിൽ നിർമ്മിച്ച ബൊക്കാഷി ബക്കറ്റുകളിലൂടെ മണം,പുഴു,പാറ്റകൾ എന്നിവ ഇല്ലാതെ ലോകോത്തര നിലവാരത്തിലുള്ള കമ്പോസ്റ്റ് കുറഞ്ഞ ദിവസത്തിനുള്ളിൽ അടുക്കള മാലിന്യത്തിൽ നിന്ന് ഉണ്ടാക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.വീടുകളിലെ ജൈവമാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരവും അടുക്കളത്തോട്ടത്തിന് മുതൽക്കൂട്ടുമാണ് ബൊക്കാഷി ബക്കറ്റുകൾ.പ്രകൃതിയിൽ സഹവസിക്കുന്ന പ്രഭാവിത മിത്രജീവാണുക്കൾ ഉപയോഗപ്പെടുത്തിയാണ് ബൊക്കാഷിയുടെ പ്രവർത്തനം രൂപകല്പന ചെയ്തിട്ടുള്ളത്.ഒന്നിടവിട്ട ദിവസങ്ങളിൽ ബക്കറ്റിൽ ഊറിവരുന്ന ബൊക്കാഷി ടീ,വെള്ളം ചേർത്ത് പുൽത്തകിടിയിലും ചെടിച്ചട്ടികളിലും അടുക്കളത്തോട്ടത്തിലും കീടനാശിനിയായി ഉപയോഗിക്കാവുന്നതാണ്.15 ദിവസത്തിനുശേഷം ഫെർമെന്റേഷൻ പൂർത്തിയായ അവശിഷ്ടങ്ങൾ പുറത്തെടുത്ത് 1:3അനുപാതത്തിൽ മണ്ണോ ചകിരിച്ചോറോ ചേർത്താണ് ജൈവ വളമാക്കുന്നത്.മണ്ണിന്റെ സ്വാഭാവിക ഘടനയും ഫലഭൂയിഷ്ഠതയും നിലനിർത്തി മണ്ണിരകള്‍ ആദിയായവയ്ക്ക് അനുകൂലമായ ആവാസ വ്യവസ്ഥ ഇത് ഒരുക്കുന്നുമുണ്ട്.
വിവിധയിനം കൃഷികളിലും കൃഷിരീതികളിലും ഉപയുക്തമാക്കാവുന്ന ഒരു സമ്പൂർണ ജൈവ വളമാണിത്.നാടിനെ മാലിന്യ മുക്തമാക്കുകയും രാസവള പ്രയോഗങ്ങളില്ലാതെ തികച്ചും ജൈവരീതിയിലുള്ള കാർഷിക സംസ്‌കൃതി പ്രോത്സാഹിപ്പിക്കുകയും അതിലൂടെ ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുകയുമാണ് ഈ പദ്ധതിയിലൂടെ പഞ്ചായത്ത് ലക്ഷ്യം വെക്കുന്നത്.ജൈവവൈവിധ്യവും പരിസ്ഥിതിയും സംരക്ഷിക്കപ്പെടുന്ന,പരിസരങ്ങൾ ശുചിത്വ പൂർണമായ നാടിനായുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് പഞ്ചായത്ത് ഭരണസമിതി ബൊക്കാഷി ബക്കറ്റുകൾ വിതരണം ചെയ്യുന്നത്.ഈ പദ്ധതിക്കായി പഞ്ചായത്ത് 2023-24 സാമ്പത്തിക വർഷവും ഇരുപത് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
ഫോട്ടോ:ഓമശ്ശേരിയിൽ ബൊക്കാഷി ബക്കറ്റുകളുടെ വിതരണോൽഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ,കെ.കെ.അബ്ദുല്ലക്കുട്ടിക്ക് നൽകി നിർവ്വഹിക്കുന്നു.
إرسال تعليق