ഓമശ്ശേരി: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയുടെ നവീകരണ പ്രവർത്തനങ്ങളിൽ ഓമശ്ശേരിയോട്‌ കെ.എസ്‌.ടി.പിയും നിർമ്മാണ കമ്പനിയായ ശ്രീധന്യയും കാണിക്കുന്ന കടുത്ത അവഗണനക്കെതിരെ ഓമശ്ശേരി പഞ്ചായത്ത്‌ ഭരണസമിതി പരസ്യമായ പ്രക്ഷോഭത്തിന്‌.പറഞ്ഞ വാക്കുകൾ പാലിക്കാതെയും ജനങ്ങളെ ദുരിതത്തിലാക്കുന്ന വിധത്തിൽ നിർമ്മാണ പ്രവർത്തികൾ അശാസ്ത്രീയമായി നടത്തിയും കെ.എസ്‌.ടി.പിയും നിർമ്മാണ കമ്പനിയും നാട്ടുകാരെ വെല്ലു വിളിക്കുകയാണെന്ന് ഭരണസമിതി ആരോപിച്ചു.

ഓമശ്ശേരി ടൗണിൽ പോലും വേണ്ടവിധത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിയിട്ടില്ല.താഴെ ഓമശ്ശേരി,മങ്ങാട്‌,മുടൂർ,കൂടത്തായി ഭാഗങ്ങളിലൊക്കെ ഗുരുതരമായ പ്രശ്നങ്ങൾ നിലനിൽക്കുകയാണ്‌.അധികൃതരുടെ ഉറപ്പ്‌ പുലരുമെന്ന പ്രതീക്ഷയിലായിരുന്നു ഭരണസമിതിയും പൊതുജനങ്ങളും.എന്നാൽ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗങ്ങളിലെടുക്കുന്ന തീരുമാനങ്ങൾ പോലും ലംഘിക്കപ്പെടുന്നതാണ്‌ കാണാൻ കഴിയുന്നത്‌.ഇത്‌ നീതീകരിക്കാനാവില്ല.

നിർമ്മാണം അവസാന സമയത്ത്‌ എത്തി നിൽക്കെ ഓമശ്ശേരി പഞ്ചായത്ത്‌ പരിധിയിലുള്ള നിരന്തരം ശ്രദ്ധയിൽ പെടുത്തിയ പ്രശ്നങ്ങൾക്ക്‌ അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട്‌ ആദ്യ ഘട്ടമായി വെള്ളിയാഴ്ച്ച നിർമ്മാണ കമ്പനിയുടെ ഓഫീസ്‌ ഭരണസമിതി അംഗങ്ങൾ ഉപരോധിക്കും.പഞ്ചായത്തിലെ മുഴുവൻ ജനപ്രതിനിധികളും ഉപരോധ സമരത്തിൽ പങ്കെടുക്കും.പ്രശ്നത്തിന്‌ പരിഹാരമായില്ലെങ്കിൽ തുടർ ദിവസങ്ങളിൽ കടുത്ത സമരപരിപാടികളുമായി മുന്നോട്ട്‌ പോകുമെന്ന് ഭരണസമിതി മുന്നറിയിപ്പ്‌ നൽകി.

പ്രസിഡണ്ട്‌ പി.അബ്ദുൽ നാസറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഭരണസമിതി യോഗം പ്രതിഷേധ പരിപാടികൾക്ക്‌ അന്തിമരൂപം നൽകി.വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു,സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർന്മാർമാരായ യൂനുസ്‌ അമ്പലക്കണ്ടി,സൈനുദ്ദീൻ കൊളത്തക്കര,ഒ.പി.സുഹറ,അംഗങ്ങളായ എം.എം.രാധാമണി ടീച്ചർ,പി.കെ.ഗംഗാധരൻ,കെ.ആനന്ദകൃഷ്ണൻ,എം.ഷീജ ബാബു,മൂസ നെടിയേടത്ത്‌,സീനത്ത്‌ തട്ടാഞ്ചേരി,എം.ഷീല എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post