ഓമശ്ശേരി: ഓമശ്ശേരിയിൽ ഹോമിയോ ഡിസ്പെൻസറിക്ക് സ്വന്തമായി കെട്ടിടം പണിയാൻ കേന്ദ്ര ആയുഷ് മിഷന്റെ ഫണ്ടിന് വഴിയൊരുങ്ങുന്നു.ഹോമിയോ ഡിസ്പെൻസറിക്ക് കെട്ടിടം നിർമ്മിക്കുന്നതിനായി ഓമശ്ശേരി ടൗണിനോട് ചേർന്ന് നാലു വർഷം മുമ്പ് പഞ്ചായത്ത് വിലക്ക് വാങ്ങിയ പത്ത് സെന്റ് സ്ഥലത്താണ് നാഷണൽ ആയുഷ് മിഷൻ(നാം) ഫണ്ട് ഉപയോഗിച്ച് ആധുനിക സൗകര്യങ്ങളോട് കൂടി കെട്ടിടം നിർമ്മിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
2013 ലാണ് ഓമശ്ശേരിയിൽ പഞ്ചായത്തിനു കീഴിൽ ഹോമിയോ ഡിസ്‌പെൻസറിക്ക് തുടക്കം കുറിച്ചത്.കഴിഞ്ഞ പത്ത് വർഷക്കാലവും വിവിധ വാടകക്കെട്ടിടങ്ങളിലാണ് ഡിസ്പെൻസറി പ്രവർത്തിക്കുന്നത്.നിലവിൽ ഓമശ്ശേരിയിലെ പഴയ ടെലിഫോൺ എക്സേഞ്ചിന് എതിർ വശമുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് ഹോമിയോ ഡിസ്പെൻസറിയുള്ളത്.ശരാശരി നൂറിലധികം രോഗികളാണ് ദിനേന ഡിസ്പെൻസറിയിലെത്തുന്നത്.മെഡിക്കൽ ഓഫീസർക്ക് പുറമെ ഫാർമസിസ്റ്റ്,അറ്റൻഡർ ഉൾപ്പടെ മൂന്ന് സ്ഥിരം ജീവനക്കാരും ഒരു സ്വീപ്പറും നിലവിൽ ഡിസ്പെൻസറിയിൽ സേവനമനുഷ്ഠിക്കുന്നുണ്ട്.സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിനായുള്ള ഭരണസമിതിയുടെ നീണ്ട കാലത്തെ ശ്രമങ്ങളാണ് ഇപ്പോൾ സഫലമാവുന്നത്.
നിലവിലെ സാഹചര്യങ്ങളും അവസ്ഥയും വിശദീകരിച്ച് സ്വന്തമായി കെട്ടിടം പണിയാൻ ഫണ്ടനുവദിക്കണമെന്നാവശ്യപ്പെട്ട് ഇപ്പോഴത്തെ പഞ്ചായത്ത് ഭരണ സമിതി രേഖാമൂലം നാമിന് നൽകിയ നിവേദനത്തെ തുടർന്നാണ് ഫണ്ട് ലഭ്യമാവുന്നത്.പ്രാരംഭ ഘട്ടമായി ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു.കെട്ടിടം പണിയുന്നതിനുള്ള നടപടിക്രമങ്ങൾ ഉടൻ തുടങ്ങാനാവുമെന്നാണ് പ്രതീക്ഷയെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ,വൈസ് പ്രസിഡണ്ട് ഫാത്വിമ അബു,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,പഞ്ചായത്തംഗം സീനത്ത് തട്ടാഞ്ചേരി,ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ:ടി.റോനിഷ എന്നിവർ ഉദ്യോഗസ്ഥ സംഘത്തെ സ്വീകരിച്ചു.
ഫോട്ടോ:ഓമശ്ശേരിയിൽ ഹോമിയോ ഡിസ്പെൻസറിക്ക് കെട്ടിടം പണിയുന്നതിനുള്ള സ്ഥലം ജനപ്രതിനിധികളോടൊപ്പം ഉദ്യോഗസ്ഥർ സന്ദർശിക്കുന്നു.
Post a Comment