കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ മൃതദേഹം തായ്ക്കാട്ടുകര ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെത്തിച്ചു. ഇവിടെ ഒരു മണിക്കൂര്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും. കീഴ്മാട് പൊതുശ്മശാനത്തില്‍ രാവിലെ 10 മണിക്കാണ് സംസ്‌കാരം.
 വ്യാഴാഴ്ച വൈകിട്ട് സ്‌കൂളില്‍ നിന്ന് പോയ കുട്ടിയുടെ ചേതനയറ്റ ശരീരം അവസാനമായി എത്തിക്കുമ്പോള്‍ ഏറെ വികാരഭരിതമായ രംഗങ്ങളാണ് സ്‌കൂളില്‍ കാണാന്‍ സാധിക്കുന്നത്. കുട്ടിയുടെ അമ്മയെ ഇന്ന് രാവിലെയാണ് മരണ വിവരം അറിയിച്ചത്.

എല്ലാവരോടും നന്നായി ഇടപഴകിയിരുന്ന മിടുക്കിയായിരുന്നു കുട്ടിയെന്നാണ് തായ്ക്കാട്ടുകര സ്‌കൂളിലെ അധ്യാപകര്‍ പറയുന്നത്. സ്‌കൂളില്‍ വരാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു കുട്ടിയെ ചിരിച്ച മുഖത്തോട് കൂടിയെ കാണാറുണ്ടായിരുന്നുവുള്ളൂ എന്ന് ഇവര്‍ പറയുന്നു. 'മിടുക്കിയായിരുന്നു. എപ്പോഴും സംസാരിക്കാന്‍ ഇഷ്ടമായിരുന്നു. ക്ലാസിലെത്തിയാല്‍ ഉടന്‍ സംസാരിക്കാന്‍ ഓടിവരും. അനിയനെ കുറിച്ചും ചേച്ചിയെ കുറിച്ചുമൊക്കെ സംസാരിക്കും. ക്ലാസില്‍ വരാനും പഠിക്കാനുമൊക്കെ വലിയ ഇഷ്ടമായിരുന്നു. ഒരു ദിവസം സ്‌കൂള്‍ ബസ് കിട്ടിയില്ലെങ്കില്‍ വൈകിയാണെങ്കിലും സ്‌കൂളില്‍ വരും. അക്ഷരങ്ങള്‍ പഠിക്കാനൊക്കെ നല്ല ഇഷ്ടമായിരുന്നു. എല്ലാം എഴുതി വേഗം വന്ന് കാണിക്കുമായിരുന്നു', കുട്ടിയുടെ ക്ലസ് ടീച്ചര്‍  പറഞ്ഞു.

അതേസമയം പ്രതി അസ്ഫാകിനെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. പ്രതിയുടെ രേഖകള്‍ വ്യാജമെന്ന് സംശയമുണ്ട്. പൊലീസിന്റെ ചോദ്യം ചെയ്യലിനോട് പ്രതി സഹകരിക്കുന്നില്ലെന്നാണ് വിവരം. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കിയിരുന്നു.

Post a Comment

Previous Post Next Post