തിരുവമ്പാടി: പശ്ചിമഘട്ടത്തിന്റെ തണലിൽ ഉറങ്ങുന്ന തിരുവമ്പാടിയുടെ മണ്ണിൽ ഇപ്പോൾ രാഷ്ട്രീയ വേനൽ നേരത്തെ എത്തിക്കഴിഞ്ഞു. കാറ്റിൽ തിരഞ്ഞെടുപ്പിന്റെ ഗന്ധം പടരുമ്പോൾ, ഇത് വെറുമൊരു പോരാട്ടമല്ല; രണ്ട് മുന്നണികൾക്കും ഇതൊരു 'അസ്തിത്വ യുദ്ധം' കൂടിയാണ്.കാറ്റും കാർമേഘവും മലയിറങ്ങി വരുന്നതിനേക്കാൾ വേഗത്തിൽ തിരുവമ്പാടിയിൽ രാഷ്ട്രീയ ചടുലതകൾ പടരുകയാണ്. ഇത്തവണ മലയോര മണ്ഡലത്തിൽ വോട്ടർമാരുടെ മനസ്സ് ആർക്കൊപ്പമെന്ന് പ്രവചനാതീതം. ചതുരംഗക്കളത്തിലെ കരുനീക്കങ്ങൾ പോലെ ഓരോ പാർട്ടിയും തന്ത്രങ്ങൾ മെനയുമ്പോൾ, കേരളം ഉറ്റുനോക്കുന്ന അതിശക്തമായ ഒരു പോരാട്ടത്തിനാണ് ഇത്തവണ ഗോദ ഒരുങ്ങുന്നത്.

എൽ.ഡി.എഫിന്റെ കരുത്ത്; വികസന നായകൻ വീണ്ടും?

സിറ്റിംഗ് എം.എൽ.എ ലിന്റോ ജോസഫ് തന്നെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി എത്തുന്നതോടെ പോരാട്ടം കടുക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുൾപ്പെടെയുള്ള വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് ലിന്റോ ജനങ്ങളിലേക്ക് ഇറങ്ങുന്നത്. കഴിഞ്ഞ തവണ 4643 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച ലിന്റോയ്ക്ക് ഇത്തവണയും മണ്ഡലത്തിലുള്ള ജനപിന്തുണ യു.ഡി.എഫിന് വലിയ വെല്ലുവിളിയാണ്.

സീറ്റ് വെച്ചുമാറൽ; യു.ഡി.എഫിൽ വരുന്നത് വമ്പൻ മാറ്റങ്ങൾ?

യു.ഡി.എഫ് തട്ടകത്തിൽ സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിലാണ്. മുസ്ലിം ലീഗിന്റെ ഉറച്ച കോട്ടയായിരുന്നിട്ടും, സഭയുടെ താൽപ്പര്യങ്ങൾ കണക്കിലെടുത്ത് സീറ്റ് കോൺഗ്രസിന് വിട്ടുകൊടുക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു.തിരുവമ്പാടി കോൺഗ്രസിന് നൽകി പകരം 'പട്ടാമ്പി' പിടിച്ചെടുക്കാനാണ് ലീഗ് ലക്ഷ്യമിടുന്നത്.കോൺഗ്രസ് സീറ്റ് ഏറ്റെടുത്താൽ യുവനേതാവ് വി.എസ്. ജോയ് സ്ഥാനാർത്ഥിയായേക്കും. അതല്ലെങ്കിൽ സി.പി. ജോണിന്റെ പേരും സജീവ പരിഗണനയിലുണ്ട്.
തവനൂരിലും വി എസ് ജോയി പരിഗണന ലിസ്റ്റിൽ ഉണ്ട്. സഭയുടെ ആസ്ഥാന മണ്ഡലമായ ഇവിടെ ഒരു ക്രൈസ്തവ സ്ഥാനാർത്ഥിയെ തന്നെ നിർത്തണമെന്ന സഭാനേതൃത്വത്തിന്റെ ആവശ്യം മുന്നണി ഗൗരവത്തോടെയാണ് കാണുന്നത്.

അടിത്തട്ടിലെ അസ്വാരസ്യങ്ങൾ വെല്ലുവിളിയാകുമോ?

ലീഗിന് വലിയ വേരോട്ടമുള്ള മണ്ഡലം കോൺഗ്രസിന് വിട്ടുനൽകുന്നതിൽ പ്രാദേശിക ലീഗ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ലീഗ് മണ്ഡലം പ്രസിഡന്റ് സി.കെ. കാസിം ഉൾപ്പെടെയുള്ളവർ സ്ഥാനാർത്ഥി മോഹികളായി രംഗത്തുണ്ടായിരുന്നു. എന്നാൽ, ഇതൊരു 'ജീവൻ മരണ പോരാട്ട'മായതിനാൽ നേതൃത്വത്തിന്റെ തീരുമാനം അണികൾ ശിരസാവഹിക്കുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ.

കണക്കിലെ കളികൾ

തിരുവമ്പാടിയുടെ ചരിത്രം പരിശോധിച്ചാൽ ഭൂരിപക്ഷം എപ്പോഴും അയ്യായിരത്തിൽ താഴെയാണ്. അതുകൊണ്ട് തന്നെ ഓരോ വോട്ടും ഇവിടെ നിർണ്ണായകമാണ്.കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ 2011ൽ യുഡിഎഫ് സ്ഥാനാർഥി സി മോയിൻകുട്ടി 56386 വോട്ടുകൾ നേടി വിജയിക്കുമ്പോൾ എൽ ഡി എഫിന്റെ ജോർജ് എം തോമസ് 52553 വോട്ടുകൾ ആണ് നേടിയത്. 3833 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മോയിൻകുട്ടി ജയിച്ചത്.

2016 എൽ ഡി എഫ് സ്ഥാനാർഥി ജോർജ് എം തോമസ് 62324 വോട്ടുകൾ നേടി വിജയിച്ചപ്പോൾ വോട്ടിന്റെ ശതമാനവും ഉയർത്താൻ അദ്ദേഹത്തിനായി. യു ഡി എഫ് സ്ഥാനാർഥി ഉമ്മർ മാസ്റ്റർ 59316 വോട്ടുകളാണ് നേടിയത്. 3008 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജോർജ് എം തോമസ് വിജയിച്ചത്.

2021ൽ കന്നിയങ്കത്തിന് ഇറങ്ങിയ ലിന്റോ ജോസഫ് മുമ്പത്തെക്കാൾ കൂടുതൽ വോട്ടിംഗ് ശതമാനം വർദ്ധിപ്പിച്ച് 67867 വോട്ടുകൾ നേടിയാണ് വിജയിച്ചത് .യു ഡി എഫ് സ്ഥാനാർഥി സി പി ചെറിയ മുഹമ്മദ് 62,324 വോട്ടുകളാണ് നേടിയത്. മുമ്പത്തേക്കാൾ ഭൂരിപക്ഷത്തെ ഉയർത്തി 4643 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ലിന്റോ വിജയിച്ചത്.

തുരങ്കപാത അടക്കം അനവധി വികസനങ്ങൾ കൊണ്ടുവന്ന മികച്ച ജനകീയനായ എം എൽ എ എന്ന ബഹുമതി ഉണ്ടാക്കിയെടുക്കാൻ ലിന്റോക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ ലിന്റോക്കെതിരിൽ ശക്തനായ ഒരു സ്ഥാനാർഥിയെ യുവാക്കൾക്കിടയിൽ നിന്ന് തന്നെ കൊണ്ടുവന്ന് വിജയം ഉറപ്പിക്കാൻ ആയിരിക്കും യു ഡി എഫ് ശ്രമിക്കുക.അതുകൊണ്ട് സിറ്റിംഗ് എം എൽ എ ആയ ലിന്റോകെതിരെ കോൺഗ്രസ് സീറ്റ് എടുത്താൽ വി എസ് ജോയിക്ക് നറുക്ക് വീഴും എന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം.

ലിന്റോയുടെ ജനപ്രീതിയെ മറികടക്കാൻ വി.എസ്. ജോയിയെ പോലുള്ള ഒരു കരുത്തനായ എതിരാളി വന്നാൽ മത്സരം പ്രവചനാതീതമാകും. വികസനവും രാഷ്ട്രീയ തന്ത്രങ്ങളും നേർക്കുനേർ വരുന്ന ഈ പോരാട്ടത്തിൽ മലയോരത്തിന്റെ മനസ്സ് ആർക്കൊപ്പം നിൽക്കും? കാത്തിരുന്ന് കാണാം!

തയ്യാറാക്കിയത് :
ബദ്റുൽ മുനീർ സഖാഫി
വെളിമണ്ണ 
(സിറാജ് തിരുവമ്പാടി ലേഖകൻ)

ഫോട്ടോ :
1)ലിന്റോ ജോസഫ് 

2) വി എസ് ജോയ്

Post a Comment

Previous Post Next Post