തിരുവനന്തപുരം:
പ്ലസ് വണ്‍ രണ്ടാം ഘട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചപ്പോഴും മലപ്പുറത്തെ സീറ്റ് പ്രതിസന്ധി തുടരുന്നു. മലപ്പുറത്ത് സീറ്റ് ലഭിക്കാതെ 8,338 വിദ്യാര്‍ത്ഥികള്‍ പുറത്താണ്. അപേക്ഷ നല്‍കിയ 9,707 പേരില്‍ 1932 പേര്‍ക്ക് മാത്രമാണ് സീറ്റ് ലഭിച്ചത്. മലപ്പുറത്ത് ഇനി ഒഴിവുള്ളത് 23 സീറ്റുകള്‍ മാത്രമാണ്.
രണ്ടാം സപ്ലി. അലോട്ട്‌മെന്‍റില്‍ 6,791 കുട്ടികള്‍ക്കാണ് ആകെ സീറ്റുള്ളത്.
മലബാറില്‍ പരീക്ഷ പാസായിട്ടും പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാതെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പുറത്തു നില്‍ക്കുന്നത് വലിയ പ്രതിസന്ധിയായിരിക്കുകയാണ്. സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ളവര്‍ സമര പരിപാടികളുമായി രംഗത്തെത്തിയിരുന്നു. സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ഇക്കാര്യത്തില്‍ ഉയരുന്നത്.
മലബാറില്‍ മാത്രം ഇത്തവണ 2,25,702 കുട്ടികള്‍ പ്ലസ് വണ്‍ പ്രവേശനത്തിന് യോഗ്യത നേടിയിട്ടുണ്ട്. എന്നാല്‍ നിലവിലുള്ള സീറ്റുകള്‍ 2,01,885 മാത്രമാണ്.
സര്‍ക്കാര്‍ പ്രഖ്യാപനം പോലെ എല്ലാ സ്‌കൂളുകളിലും 30 ശതമാനം സീറ്റ് വര്‍ധനവ് നടപ്പാക്കിയാല്‍ 30,282 സീറ്റുകള്‍ ആവശ്യത്തിലധികം ഉണ്ടാകുമെന്നാണ് അധികൃതരുടെ വാദം. സിബിഎസ്ഇ സിലബസില്‍ പഠിച്ച കുട്ടികളുടെ എണ്ണം കൂടി കൂട്ടുകയാണെങ്കില്‍ ഈ സീറ്റുകള്‍ തികയില്ല.
മലബാറില്‍ അധിക ബാച്ചുകള്‍ അനുവദിക്കുമെന്ന് വാഗ്ദാനം നല്‍കുന്നുണ്ടെങ്കിലും ഇത് സര്‍ക്കാരിന് കടുത്ത സാമ്പത്തിക ബാധ്യത വരുത്തുമെന്ന വിലയിരുത്തലുണ്ട്.
പുതിയ ബാച്ചുകള്‍ക്കനുസരിച്ച് അധിക അദ്ധ്യാപക തസ്തികകളും വേണ്ടി വരും.
ഒരു ബാച്ചിന് ആറ് തസ്തികകളെങ്കിലും വേണ്ടി വരുമെന്നാണ് കണക്ക്. സ്‌കൂളുകളില്‍ സൗകര്യമൊരുക്കുന്നതില്‍ മുതല്‍ തുടങ്ങുന്ന പ്രതിസന്ധികള്‍ കാരണം കാര്‍ത്തികേയന്‍ കമ്മീഷന്റെ ശുപാര്‍ശയിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുക എളുപ്പമല്ലെന്നാണ് വിലയിരുത്തല്‍.
Post a Comment