മുക്കം: സംസ്ഥാന പാതയിൽ മുക്കം –അരീക്കോട് റോഡിൽ ഓടത്തെരുവ് മാടാമ്പുറം വളവിലെ അപകട പരമ്പരകൾക്ക് താൽക്കാലിക പരിഹാരമായി സ്പീഡ് ബ്രേക്കർ (റമ്പിൾ സ്ട്രിപ്പ്) സ്ഥാപിച്ച് അധികൃതർ. സംസ്ഥാനപാത നവീകരണത്തിലെ അശാസ്ത്രീയത മൂലമാണ് മാടാമ്പുറത്ത് അപകടങ്ങൾ വർധിച്ചത്.
തുടർന്ന് കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.പി.സ്മിതയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നാട്ടുകാരും വിവിധ സന്നദ്ധ സംഘടനകളും സംസ്ഥാന പാത ഉപരോധിച്ചിരുന്നു.
ലിന്റോ ജോസഫ് എംഎൽഎ കെഎസ്ടിപി അധികൃതരുമായും കരാർ കമ്പനി അധികൃതരുമായും ബന്ധപ്പെട്ടിരുന്നു. തുടർന്നാണ് താൽക്കാലിക പരിഹാരം എന്ന നിലയിൽ റമ്പിൾ സ്ട്രിപ്പ് സ്ഥാപിച്ചത്.
60 മീറ്റർ ദൂരത്തിനുള്ളിൽ 6 വരികൾ വീതമുള്ള 3 ജോഡി റമ്പിൾ സ്ട്രിപ്പുകളാണ് സ്ഥാപിച്ചിട്ടുള്ളത്. വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കാനാണിത്. നിർമാണത്തിലെ അശാസ്ത്രീയത മൂലമാണ് വാഹനങ്ങൾ തെന്നി മറിഞ്ഞ് അപകടങ്ങൾ സംഭവിക്കുന്നത്. വാഹനങ്ങൾ വട്ടം കറങ്ങിയാണ് മിക്ക അപകടങ്ങളും. അരീക്കോട് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ തെന്നി മറിഞ്ഞ് എതിർ ദിശയിലേക്ക് വട്ടം കറങ്ങി നിൽകുന്ന പതിവായിരുന്നു. ശാസ്ത്രീയമായ പരിശോധനകളിലൂടെ ശാശ്വത പരിഹാരം കാണണമെന്നാണ് ആവശ്യം.
Post a Comment