മലപ്പുറം:
കഥോത്സവത്തിൽ ക്ലാസെടുക്കുന്നതിനിടെ റിട്ട. അധ്യാപകൻ കുഴഞ്ഞു വീണുമരിച്ചു.
കാളികാവ് ചോലശ്ശേരി ഫസലുദ്ദീൻ (63) ആണ് വീടിന് സമീപത്തുള്ള ആമപ്പൊയിൽ ഗവ.എൽ പി സ്‌കൂളിൽ കുട്ടികളോട് സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണത്.
കുട്ടികളോട് കഥ പറഞ്ഞും കവിത ചൊല്ലിയും പാട്ടു പാടിയും സംവദിക്കുന്നതിനിടെയാണ് കുഴഞ്ഞു വീണുമരിച്ചത്. ആശുപത്രിയിലെത്തുന്നതിന് മുൻപേ ഫസലുദ്ദീൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.
വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'കഥോത്സവ'ത്തിന്റെ ഭാഗമായി ക്ലാസെടുക്കുന്നതിനിടെയാണ് സംഭവം.
അടയ്ക്കാറുണ്ട് ക്രസന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ 30 വർഷം അധ്യാപകനായിരുന്ന ഫസലുദ്ദീൻ അഞ്ച് വർഷം മുമ്പാണ് വിരമിച്ചത്. ക്ലാസെടുക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത തോന്നിയ ഫസലുദ്ദീൻ കസേരയിലേക്ക് ഇരിക്കുകയും തുടർന്ന് നിലത്തേക്ക് വീഴുകയുമായിരുന്നു.
വിരമിച്ചെങ്കിലും പ്രദേശത്തെ സ്‌കൂളുകളിലും കോളജുകളിലും ക്ലാസെടുത്തും വിദ്യാർഥികൾക്കും രക്ഷിതാക്കള്‍ക്കും ഇടയില്‍ സജീവമായിരുന്നു ഫസലുദ്ദീൻ. 'മറ്റുള്ളവരോടു കരുണ കാണിച്ചാൽ ദൈവം നമ്മെ സംരക്ഷിക്കും' എന്നായിരുന്നു ഫസലുദ്ദീന്റെ അവസാന വാക്കുകൾ.
ജമാഅത്തെ ഇസ്ലാമി കാളികാവ് മേഖലാ ഭാരവാഹിയായിരുന്നു. അടയ്ക്കാകുണ്ട് ജിഎൽപി സ്‌കൂളിലെ പ്രധാന അധ്യാപിക റസിയയാണ് ഭാര്യ. മക്കൾ: ഡോ. ഇർഫാന, ഡോ. ആഷിഖ, ഹിബ ഫഹ്‌മി, ഫാത്തിമ ഹെന്ന, മരുമക്കൾ: അനീസ്, സലാഹ്, അമീൻ നവാസ്.
إرسال تعليق