തിരുവമ്പാടി:
പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വീടുകളിലും പരിസരങ്ങളിലും സ്ഥാപനങ്ങളിലും തോട്ടങ്ങളിലും പൊതുസ്ഥലങ്ങളിലും ഓരോരുത്തരും നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം നടത്തുന്നതിനായി ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തുന്നു.
പരിശോധനയിൽ പകർച്ചവ്യാധികൾ പകരാൻ ഇടവരുത്തുന്ന സാഹചര്യങ്ങൾ (കൊതുകുമുട്ടയിട്ട് പെരുകുന്ന ഉറവിടങ്ങൾ, മാലിന്യങ്ങൾ വലിച്ചെറിയൽ, പരിസര ശുചിത്വം ഇല്ലായ്മ) ഒരുക്കുന്നവർക്കെതിരെ പിഴ ചുമത്തുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് തല പകർച്ചവ്യാധി അവലോകന യോഗത്തിൽ തീരുമാനമായി.
യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് അധ്യക്ഷ വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.എ അബ്ദുറഹിമാൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗങ്ങളായ രാമചന്ദ്രൻ കരിമ്പിൽ, റംല ചോലക്കൽ, ലിസി അബ്രഹാം ,ഡോ. പ്രിയ കെ.വി, ഹെൽത്ത് ഇൻസ്പെക്ടർ എം.സുനീർ എന്നിവർ സംസാരിച്ചു.
പരിശോധനയുടെ ഭാഗമായി 2023 ജൂലൈ 13ന് പതിനാലാം വാർഡിൽ ശുചിത്വ മോണിറ്ററിംഗ് ടീം പരിശോധന നടത്തുമെന്നും, വരും ദിവസങ്ങളിൽ എല്ലാ വാർഡുകളിലും ശുചിത്വ പരിശോധന തുടരുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട്, സെക്രട്ടറി ബിബിൻ ജോസഫ്, മെഡിക്കൽ ഓഫീസർ ഡോ.പ്രിയ കെ.വി എന്നിവർ അറിയിച്ചു.
إرسال تعليق