ഗ്രാമീണ മേഖലയിലെ കാർഷിക വൈവിധ്യവും പ്രകൃതി സൗന്ദര്യവും ടൂറിസം രംഗത്ത് വിപ്ലവകരമായ മാറ്റം ഉണ്ടാക്കുമെന്നും കർഷകരുടെ ജീവിത നിലവാരം മെച്ചപ്പെടാൻ മുതൽക്കൂട്ടാവുമെന്നും മന്ത്രി റിയാസ്.

കൂടരഞ്ഞി : ടൂറിസം രംഗത്ത് കാർഷിക മേഖല കൂടി കടന്നുവരുമ്പോൾ നാടിന്റെയും കർഷകരുടെയും സമ്പദ് വ്യവസ്ഥ മെച്ചപ്പെടുമെന്നും മുമ്പെങ്ങുമില്ലാത്ത വിധം നമ്മുടെ നാട്ടിൽ ടൂറിസം മേഖല വികസിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് കൂടരഞ്ഞി തിരുവമ്പാടി കോടഞ്ചേരി പുതുപ്പാടി ഓമശ്ശേരി എന്നീ ത്രിതല പഞ്ചായത്ത് പങ്കാളിത്തത്തോടെ നടപ്പിലാക്കിയ ഫാം ടൂറിസത്തിന്റെ ജില്ലാ തല ഉദ്ഘാടനം പൂവാറൻതോട് കല്ലംപുല്ല് ഡ്രീം ഏക്കേർസിൽ വെച്ച് നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.


കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും സഞ്ചാരികളെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനും ഉൽപ്പന്നങ്ങൾക്ക് പുതിയ വിപണന ശൃംഖല കണ്ടെത്തുന്നതിനും മറ്റുമായാണ് മലയോര ഫാം ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവമ്പാടി നിയോജക മണ്ഡലം എം എൽ എ ലിന്റോ ജോസഫ് മുഖ്യാതിഥിയായിരുന്നു.

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എം അഷ്റഫ് വിശിഷ്ടാതിഥിയായി.

പദ്ധതി പ്രദേശത്തെ പഞ്ചായത്ത് പ്രസിഡന്റുമാർ ജില്ലയിലേയും ബ്ലോക്കിലേയും ഗ്രാമ പഞ്ചായത്തിലേയും മറ്റു ജന പ്രതിനിധികൾ ഉദ്യോഗസ്ഥർ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ മാതൃകാ കർഷകർ കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് നിവാസികൾ തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിൽ കൃഷി ഡെപ്യൂട്ടി ഡയറക്ടർ രജനി മുരളീധരൻ റിപ്പോർട്ട് അവതരിപ്പിച്ചു.

പദ്ധതിയുടെ കീഴിലെ ഗുണഭോക്താക്കൾക്ക് മന്ത്രി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഉദ്ഘാടന പരിപാടിക്ക് മുമ്പ് ടൂറിസം രംഗത്തെ സാധ്യതകളെ കുറിച്ച് ഉത്തരവാദിത്വ ടൂറിസം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ശ്രീകല ലക്ഷ്മി ക്ലാസ് നയിച്ചു.

കാംകോയുടെ സ്റ്റാൾ കർഷകരുടെ ഉൽപ്പന്ന പ്രദർശനം കലാ പരിപാടികൾ തുടങ്ങിയവയും ചടങ്ങിന് മാറ്റുകൂട്ടി.

ചെണ്ടമേളത്തോടെ ജന പ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും കർഷകരും ചേർന്ന് മന്ത്രിക്ക് വൻ വരവേൽപ്പു നൽകി.

സംഘാടക സമിതി ചെയർമാനും കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ ആദർശ് ജോസഫ് സ്വാഗതവും കൊടുവള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രിയാ മോഹൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post