വിദ്യാർത്ഥി പ്രതിഭകൾക്ക്‌ വാർഡ്‌ ഗ്രാമസഭയുടെ സ്നേഹാദരം.

ഓമശ്ശേരി:അമ്പലക്കണ്ടി താജുദ്ദീൻ മദ്‌റസയിൽ നടന്ന ഓമശ്ശേരി പഞ്ചായത്ത്‌ എട്ടാം വാർഡ്‌ ഗ്രാമസഭയും അനുമോദനവും ഡോ:എം.കെ.മുനീർ എം.എൽ.എ.ഉൽഘാടനം ചെയ്തു.നാടിന്റെ വികസനത്തിന്റെ ചാലകശക്തിയാണ്‌ ഗ്രാമസഭകളെന്നും സജീവ ചർച്ചകളും തീരുമാനങ്ങളും പ്രവർത്തനങ്ങളും കൊണ്ട്‌ ഗ്രാമസഭ സമ്പന്നമാക്കണമെന്നും അദ്ദേഹം പറഞ്ഞു.വിഭാഗീയതകൾക്കതീതമായി എല്ലാവരും ഒരുമിച്ച്‌ കൂടുന്ന ഇടമാണ്‌ ഗ്രാമസഭകൾ.സാമൂഹ്യ ഐക്യത്തിന്‌ ഇത്‌ വലിയ മുതൽക്കൂട്ടാണ്‌.ഗ്രാമസഭ തീരുമാനങ്ങൾ വിലപ്പെട്ടതാണെന്നും ഗ്രാമസഭയുടെ അംഗീകാരങ്ങളും അനുമോദനങ്ങളും ഗ്രാമത്തിന്റെയാകെ അംഗീകാരവും അനുമോദനവുമാണെന്നും ഡോ:എം.കെ.മുനീർ കൂട്ടിച്ചേർത്തു.

വാർഡ്‌ മെമ്പറും പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാനുമായ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.വാർഡിൽ നിന്നും വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥി പ്രതിഭകളെ ഗ്രാമസഭ അനുമോദിച്ചു.നീറ്റ്‌,എസ്‌.എസ്‌.എൽ.സി,പ്ലസ്‌.ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക്‌ ഡോ:എം.കെ.മുനീർ എം.എൽ.എ.ഗ്രാമസഭയുടെ ഉപഹാരം കൈമാറി.

കൊടുവള്ളി നഗരസഭ കൗൺസിലർ എ.പി.മജീദ്‌ മാസ്റ്റർ,ബ്ലോക്‌ പഞ്ചായത്ത്‌ മെമ്പർ എസ്‌.പി.ഷഹന,പഞ്ചായത്ത്‌ മെമ്പർമാരായ എം.ഷീജബാബു,എം.എം.രാധാമണി ടീച്ചർ,പി.കെ.ഗംഗാധരൻ,അശോകൻ പുനത്തിൽ,വാർഡ്‌ വികസന സമിതിയംഗം ആർ.എം.അനീസ്‌,നെച്ചൂളി മുഹമ്മദ്‌ ഹാജി,കെ.പി.അബ്ദുൽ അസീസ്‌ സ്വലാഹി,തടായിൽ അബു ഹാജി എന്നിവർ സംസാരിച്ചു.ഹെൽത്ത്‌ ഇൻസ്പെക്ടർ കെ.എം.ഉണ്ണികൃഷ്ണൻ ആരോഗ്യ-ശുചിത്വ ബോധവൽക്കരണ ക്ലാസ്സിന്‌ നേതൃത്വം നൽകി.കോ-ഓർഡിനേറ്റർ മാരായ കെ.പി.ഹസ്ന മുഹമ്മദ്‌,സൂര്യ എന്നിവർ ഗ്രാമസഭക്ക്‌ നേതൃത്വം നൽകി.വാർഡ്‌ വികസന സമിതി കൺവീനർ അബു മൗലവി അമ്പലക്കണ്ടി സ്വാഗതവും കുടുംബശ്രീ എ.ഡി.എസ്‌.പ്രസിഡണ്ട്‌ സാവിത്രി പുത്തലത്ത്‌ നന്ദിയും പറഞ്ഞു.

2023-24 വാർഷിക പദ്ധതിയിലെ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള വാർഡിലെ ഗുണഭോക്തൃ ലിസ്റ്റ്‌ ഗ്രാമസഭ അംഗീകരിച്ചു.വാർഡിൽ നിന്നും അതിദരിദ്രരായി തെരഞ്ഞെടുക്കപ്പെട്ട അഞ്ച്‌ കുടുംബങ്ങൾക്ക്‌ ഗ്രാമസഭയിൽ വെച്ച്‌ എം.എൽ.എ.തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു.

ഫോട്ടോ:ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ അമ്പലക്കണ്ടി എട്ടാം വാർഡ്‌ ഗ്രാമസഭ ഡോ:എം.കെ.മുനീർ എം.എൽ.എ.ഉൽഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post