തിരുവമ്പാടി: 
ഉരുൾപൊട്ടലിൽ എല്ലാ നഷ്ടപ്പെട്ട് തറവാട്ടുവീടിന്റെ കോണിൽ തേങ്ങൽ അടക്കി നിന്ന ബിജുവിനെ ചേർത്തു നിർത്തി ഉമ്മൻചാണ്ടി പറഞ്ഞു: ഞങ്ങളുണ്ട് കൂടെ. ആറു മാസം കഴിഞ്ഞ് തന്നെ റജിസ്ട്രേഷൻ വകുപ്പിൽ ‍നിയമിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് വന്നപ്പോഴാണ് ആ വാക്കുകളുടെ വില ബിജു അറിഞ്ഞത്. 2012 ഓഗസ്റ്റ് 6നു നാടിനെ നടുക്കിയ പുല്ലൂരാംപാറ ഉരുൾപൊട്ടലിൽ 8 ജീവനുകളാണ് നഷ്ടപ്പെട്ടത്. 

കുടുംബത്തിലെ 5 പേരെ നഷ്ടപ്പെട്ട് ഏകനായിത്തീർന്ന തുണ്ടത്തിൽ ബിജുവിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഇടപെടൽ മൂലമാണ് 6 മാസത്തിനുള്ളിൽ സർക്കാർ ജോലി ലഭിച്ചത്. 

ഉരുൾപൊട്ടൽ ഉണ്ടായ സമയത്ത് ചെറുശ്ശേരിയിലെ വീട്ടിൽ പിതാവ് ഔസേപ്പച്ചനും മാതാവ് ഏലിക്കുട്ടിയും ബിജുവിന്റെ ഭാര്യ ലിസയും മൂന്നരയും ഒന്നരയും വയസ്സുള്ള രണ്ടു കുട്ടികളുമാണ് ഉണ്ടായിരുന്നത്. വീടിരുന്ന സ്ഥലം ഉരുൾപൊട്ടലിൽ മൺകൂമ്പാരമായി മാറി. ജോലിക്കു വേണ്ടി പുറത്തു പോയതിനാലാണ് ബിജു രക്ഷപ്പെട്ടത്. 

തടി കരാർ എടുത്ത് വിൽക്കുന്ന ജോലിയായിരുന്നു ബിജുവിന്. ഉരുൾപൊട്ടലിന്റെ ദുരന്ത മുഖത്ത് അടുത്ത ദിവസം തന്നെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്നത്തെ എംപി എം.ഐ.ഷാനവാസിന്റെയും  സി.മോയിൻകുട്ടി എംഎൽഎയുടെയും ഒപ്പം എത്തി.  
ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലങ്ങൾ കാണുകയും ദുരിതബാധിതരെ താമസിപ്പിച്ചിരുന്ന ക്യാംപ് സന്ദർശിക്കുകയും ചെയ്തു.

അടിയന്തര സഹായം എത്തിക്കാൻ വേണ്ട നടപടികളെല്ലാം എടുത്ത ശേഷമാണ് ബിജുവിന്റെ തറവാട്ട് വീട്ടിൽ ഉമ്മൻ ചാണ്ടിയും മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയു  എത്തിയത്. കെപിസിസി സെക്രട്ടറി ആയിരുന്ന എൻ.കെ. അബ്ദു റഹ്മാൻ ജീപ്പിന്റെ ബോണറ്റിൽ വച്ച് 
കടലാസിൽ എഴുതിയ ഒരു അപേക്ഷ ആയിരുന്നു ബിജുവിന് സർക്കാർ ജോലി എന്നത്. സി.മോയിൻകുട്ടി അതിന് പിന്തുണ നൽകി.  

എന്ത് സഹായം വേണമെന്ന് ആയിരുന്നു ഉമ്മൻ ചാണ്ടിയുടെ ചോദ്യം. ഒന്നും വേണ്ട എന്നായിരുന്നു ബിജുവിന്റെ മറുപടി. ഡ്രൈവിങ് അറിയാമോ എന്ന് ബിജുവിനോട് ഉമ്മൻ ചാണ്ടി ചോദിച്ചു.

അങ്ങനെയെങ്കിൽ കെഎസ്ആർടിസിയിൽ അടുത്തയാഴ്ച മുതൽ ജോലിക്ക് കയറിക്കൊ എന്നായിരുന്നു നിർദേശം. എന്നാൽ ഡ്രൈവിങ് അറിയില്ല എന്ന മറുപടി കേട്ടപ്പോൾ 6 മാസത്തിനുള്ളിൽ സർക്കാർ സർവീസിൽ ജോലിക്ക് കയറാം എന്ന് അറിയിച്ചിട്ടാണു അദ്ദേഹം മടങ്ങിയത്. ആറുമാസം ആയപ്പോൾ ബിജുവിന് റജിസ്ട്രേഷൻ വകുപ്പിൽ നിയമിച്ചുള്ള ഉത്തരവ് വന്നു. ഇപ്പോൾ കൊടുവള്ളി സബ് റജിസ്ട്രാർ ഓഫിസിൽ ജോലി നോക്കുന്ന ബിജു ഏറെ ചാരിതാർഥ്യത്തോടെയും നന്ദിയോടെയും  ഓർക്കുന്നു; ഉറ്റവരെ നഷ്ടപ്പെട്ട് ദു:ഖത്തിന്റെ നിലയില്ലാ കയത്തിലേക്ക് അകപ്പെട്ട  തനിക്ക് അഭയവും ആശ്രയവും ഏകിയ ഉമ്മൻ ചാണ്ടിയെ.
 


Post a Comment

Previous Post Next Post