ഓമശ്ശേരി: സമഗ്ര പേ വിഷ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ ഭരണസമിതി ഓമശ്ശേരി വെറ്ററിനറി ഡിസ്പെൻസറിയുടെ സഹകരണത്തോടെ തെരുവ് നായ്ക്കൾക്ക് പേ വിഷ പ്രതിരോധ വാക്സിനേഷൻ നൽകുന്നതിനായി സംഘടിപ്പിച്ച ത്രിദിന മാസ്‌ കാമ്പയിന്‌ തുടക്കമായി.പേവിഷ പ്രതിരോധ വാക്സിനേഷൻ കാമ്പയിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഓമശ്ശേരിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ വാക്സിൻ കിറ്റ്  വെറ്റിനറി സർജൻ ഡോ:കെ.വി.ജയശ്രീ,ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ശ്രീജ എന്നിവർക്ക് നൽകി നിർവഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം സൈനുദ്ദീൻ കൊളത്തക്കര,പഞ്ചായത്ത്‌ സെക്രട്ടറി എം.പി.മുഹമ്മദ്‌ ലുഖ്‌മാൻ,'ഹാച്ചിക്കോ'വളണ്ടിയർമാരായ പ്രജീഷ്,അതുൽ എന്നിവർ സംസാരിച്ചു.

ആദ്യദിവസം ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി 23 തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സിനേഷൻ നൽകി.തെരുവ് നായ്ക്കൾക്കുള്ള കുത്തി വെയ്പ്‌ ബുധൻ,വ്യാഴം ദിവസങ്ങളിലും തുടരും.ഹാച്ചികോ വളണ്ടിയർമാറുടെ സഹായത്തോടെയാണ്‌ നായകളെ പിടിക്കുന്നത്‌.മനുഷ്യരുടേയും മിണ്ടാപ്രാണികളുടേയും വേദനയിൽ ആശ്വാസം പകർന്ന് സന്നദ്ധ പ്രവർത്തന രംഗത്ത്‌ നിറഞ്ഞു നിൽക്കുന്ന ഹാച്ചികോ ആനിമൽ റെസ്ക്യൂ ടീം ഓമശ്ശേരിയിലെ നാലംഗ സംഘത്തിന്റെ നേതൃത്വത്തിൽ കേരളത്തിലെ പതിനാലു ജില്ലകളിലും പടർന്നു കിടക്കുന്ന രണ്ടായിരത്തോളം സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയാണ്‌.വാക്സിനേഷൻ നൽകുന്ന നായകളെ മാർക്ക്‌ ചെയ്താണ്‌ വിട്ടയക്കുന്നത്‌.

വളർത്ത് നായകൾക്കും പൂച്ചകൾക്കുമുള്ള വാക്സിനേഷൻ ക്യാമ്പുകൾ പഞ്ചായത്തിന്റെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് 29  മുതൽ നടത്താനും പഞ്ചായത്ത്‌ തീരുമാനിച്ചിട്ടുണ്ട്‌.29 ന്‌ വെള്ളി ചുണ്ടക്കുന്ന് ചകിരി മിൽ പരിസരത്തും ഒക്ടോബർ 3 ന്‌ വെണ്ണക്കോട്‌ അമ്പലമുക്ക്‌ സബ്‌ സെന്ററിലും 4 ന്‌ കൊളത്തക്കര ശിശുമന്ദിര പരിസരത്തും 6 ന്‌ മുടുർ സബ്‌ സെന്ററിലും 7 ന്‌ ചക്കിക്കാവിലുമാണ്‌ ക്യാമ്പുകൾ നടക്കുക.45 രൂപയാണ്‌ വാക്സിനേഷൻ ഫീസ്‌.രാവിലെ 10 മണി മുതൽ ഉച്ച 12 മണി വരെ നടക്കുന്ന ക്യാമ്പുകളിൽ പഞ്ചായത്ത്‌ പരിധിയിലെ താമസക്കാരുടെ വളർത്തു നായകൾക്കും പൂച്ചകൾക്കും മാത്രമാണ്‌ വാക്സിൻ നൽകുക.

ഫോട്ടോ:ഓമശ്ശേരിയിൽ തെരുവ്‌ നായകൾക്കുള്ള മാസ്‌ വാക്സിനേഷൻ കാമ്പയിൻ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ വാക്സിൻ കിറ്റ്‌ നൽകി ഉൽഘാടനം ചെയ്യുന്നു.

Post a Comment

أحدث أقدم