11.16 ലക്ഷം രൂപ വിതരണം ചെയ്തു.
ഓമശ്ശേരി: ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് ഓമശ്ശേരി പഞ്ചായത്ത് ഭരണസമിതി വിവിധ ഫണ്ടുകൾ ഉപയോഗപ്പെടുത്തി 22 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് നൽകുന്നു.2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.പഞ്ചായത്തിന്റെ പൊതു വികസന ഫണ്ടിൽ നിന്നും 13.2 ലക്ഷം രൂപയും ബ്ലോക് പഞ്ചായത്ത് വിഹിതമായ 6.6 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് വിഹിതമായ 2.2 ലക്ഷം രൂപയും സംയോജിപ്പിച്ചാണ് 22 ലക്ഷം രൂപയുടെ പദ്ധതി പ്രാവർത്തികമാക്കുന്നത്.ആകെ തുകയുടെ 60 ശതമാനം ഗ്രാമപഞ്ചായത്തും 30 ശതമാനം ബ്ലോക് പഞ്ചായത്തും 10 ശതമാനം ജില്ലാ പഞ്ചായത്തുമാണ് വഹിക്കുന്നത്.
പഞ്ചായത്തിലെ 19 വാർഡുകളിൽ നിന്നുള്ള 108 ഭിന്നശേഷി വിദ്യാർത്ഥികളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.ഇവർക്ക് ആദ്യ ഗഡുവായി പഞ്ചായത്ത് വിഹിതത്തിൽ നിന്നും 11,16,400 രൂപ കഴിഞ്ഞ ദിവസം വിതരണം ചെയ്തു.ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരും സ്കൂളിൽ പോവുന്നവരുമായ 72 കുട്ടികൾക്ക് 12000 രൂപ വീതവും ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരും സ്കൂളിൽ പോവാത്തവരുമായ 16 കുട്ടികൾക്ക് 8000 രൂപ വീതവും മറ്റു വൈകല്യമുള്ള 20 പേർക്ക് ആകെ 1,24,400 രൂപയുമാണ് വിതരണം ചെയ്തത്.ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക ട്രാൻസ്ഫർ ചെയ്തത്.പഞ്ചായത്തിന്റെ ബാക്കി തുകയും ബ്ലോക്,ജില്ലാ പഞ്ചായത്തുകളുടെ വിഹിതവും അടുത്ത ഘട്ടങ്ങളിലായി ഉടൻ വിതരണം ചെയ്യുമെന്ന് പഞ്ചായത്തധികൃതർ പറഞ്ഞു.
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ഗുണഭോക്തൃ ലിസ്റ്റിലുള്ളവരുടെ രക്ഷിതാക്കളുടെ സംഗമത്തിൽ വെച്ച് പഞ്ചായത്ത്‌തല വിതരണോൽഘാടനം പ്രസിഡണ്ട് പി.അബ്ദുൽ നാസർ നിർവ്വഹിച്ചു.വൈസ് പ്രസിഡണ്ട് ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി പദ്ധതി വിശദീകരിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി സ്വാഗതം പറഞ്ഞു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ,നിർവ്വഹണ ഉദ്യോഗസ്ഥയും ഐ.സി.ഡി.എസ്.സൂപ്പർ വൈസറുമായ വി.എം.രമാദേവി,പഞ്ചായത്തംഗങ്ങളായ എം.എം.രാധാമണി ടീച്ചർ,സൈനുദ്ദീൻ കൊളത്തക്കര,കെ.പി.രജിത,പി.കെ.ഗംഗാധരൻ,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,പി.ഇബ്രാഹീം ഹാജി,'പരിവാർ'പഞ്ചായത്ത് ജന:സെക്രട്ടറി കെ.അബ്ദുൽ ലത്വീഫ് ഓമശ്ശേരി,വൈസ് പ്രസിഡണ്ട് ത്വാഹിറ വെളിമണ്ണ എന്നിവർ സംസാരിച്ചു.ഡിസംബറിൽ പഞ്ചായത്ത്‌തല ഭിന്നശേഷി വിദ്യാർത്ഥി കലോൽസവം നടത്താനും രക്ഷിതാക്കളുടെ സംഗമത്തിൽ വെച്ച് തീരുമാനമെടുത്തു.
ഫോട്ടോ:ഓമശ്ശേരിയിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണോൽഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ നിർവ്വഹിക്കുന്നു.
Post a Comment